കൊച്ചി: നടൻ ജോജു ജോർജുമായുള്ള വിഷയത്തിൽ കോൺഗ്രസിൻറെ പ്രതിഷേധം തുടരുന്നു. എറണാകുളം ഷേണായിസ് തിയേറ്ററിന് മുന്നിൽ നടന്റെ ചിത്രമുള്ള റീത്ത് വെച്ചാണ് ഇന്ന് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചത്. ജോജു അഭിനയിച്ച ചിത്രത്തിൻറെ പോസ്റ്റർ നീക്കിയില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം.
ജോജുവിൻറെകാർ അടിച്ച് തകർത്തതുമായി ബന്ധപ്പെട്ട കേസിൽ ഇന്ന് രണ്ട് കോൺഗ്രസ് പ്രവർത്തകർ കൂടി മരട് സ്റ്റേഷനിൽ എത്തി കീഴടങ്ങുന്നുണ്ട്.ഇതിന് മുന്നോടിയായി ഡിസിസി ഓഫീസിൽ നിന്ന് പ്രതിഷേധ പ്രകടനവുമായി ഷേണായിസ് തിയേറ്ററിലേക്ക് എത്തിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്.
നടൻ ജോജു ജോർജ് അഭിനയിച്ച സ്റ്റാർ എന്ന ചിത്രംകോവിഡിന് ശേഷം തിയേറ്റർ തുറന്നപ്പോൾ ഷേണായീസ് തിയേറ്ററിൽ പ്രദർശിപ്പിച്ചിരുന്നു. എന്നാൽ പ്രദർശനം കഴിഞ്ഞ് സിനിമ മാറിഒരാഴ്ച പിന്നിട്ടിട്ടും നടന്റെ പോസ്റ്റർ ഇവിടെനിന്ന് നീക്കംചെയ്തില്ലെന്ന് ആരോപിച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവും മുദ്രാവാക്യംവിളികളുമായി എത്തിയത്.
ഇന്ധന വിലവർധനവിനെതിരെ കോൺഗ്രസ് നടത്തിയ സമരത്തിൽ ഗതാഗതക്കുരുക്കുണ്ടായതിൽ ജോജു പ്രതിഷേധിച്ചിരുന്നു. ഇതിനേത്തുടർന്നുണ്ടായ വാക്കേറ്റത്തിനൊടുവിലാണ് നടന്റെ കാർ അടിച്ച് തകർത്തത്. ഈ കേസിൽ കൊച്ചി മുൻ മേയർ ടോണി ചമ്മിണി ഉൾപ്പെടെയുള്ള പ്രതികൾ കഴിഞ്ഞ ദിവസം കീഴടങ്ങിയിരുന്നു.
Content Highlights: youth congress protest in shenoy`s theatre against actor joju george