തിരുവനന്തപുരം: മുല്ലപ്പെരിയാർ ബേബി ഡാമിലെ മരംമുറിയുമായി ബന്ധപ്പെട്ട ഉത്തരവിൽ മുഖം രക്ഷിക്കാൻ സർക്കാർ. ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെ യാതൊരു നീക്കങ്ങളും സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് സർക്കാർ വിശദമായ നിയമോപദേശം തേടാൻ തീരുമാനിച്ചത്. ഉത്തരവ് റദ്ദാക്കാനാകുമോ എന്ന കാര്യത്തിലാണ് പ്രധാനമായും നിയമോപദേശം തേടുന്നത്. മരംമുറിയുമായി ബന്ധപ്പെട്ട നടപടികൾ ഭാഗികമായി മരവിപ്പിക്കുന്ന രീതിയിലാണ് നിലവിൽ സർക്കാർ ഉത്തരവിറങ്ങിയിരിക്കുന്നത്.
ഉദ്യോഗസ്ഥർക്കെതിരായ നടപടിയുടെ കാര്യത്തിലും സർക്കാർ നിയമോപദേശം തേടും. ഇപ്പോൾ പ്രതിസ്ഥാനത്തുള്ളത് ഉത്തരവിറക്കിയ വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസാണ്. എന്നാൽ ബെന്നിച്ചൻ തോമസിനെതിരെ മാത്രം നടപടിയെടുത്താൽ നിയമപരമായ വേദികളിൽ ഇത് ചോദ്യചെയ്യപ്പെടുമോ എന്ന ആശങ്ക സർക്കാരിനുണ്ട്. അതിനാൽ വിശദമായ നിയമോപദേശത്തിന് ശേഷം മാത്രമാകും സർക്കാർ നടപടികളിലേക്ക് കടക്കുന്നത്.
അതേസമയം മരംമുറി അനുമതിയുമായി ബന്ധപ്പെട്ട് നിയമസഭയിൽ വനംമന്ത്രി നൽകിയ മറുപടിയും പാളി. ഇത് സംബന്ധിച്ച് തിരുത്തൽ പ്രസ്താവന സഭയിൽ നൽകിയേക്കും. ഉത്തരവിറക്കുന്നതിന് മുൻപ് കേരള-തമിഴ്നാട് ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരാണ് സ്ഥലത്ത് പരിശോധന നടത്തിയത്. വാരാന്ത്യ പരിശോധനയുടെ ഭാഗമായിരുന്നു സന്ദർശനം. ഫയലുകൾ പരിശോധിച്ച ശേഷം സഭയിൽ തിരുത്തൽ സ്റ്റേറ്റ്മെന്റ് വെക്കാനാണ് നീക്കം.
മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കണമെന്നാണ് സർക്കാർ നിലപാടെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് മുല്ലപ്പെരിയാറിൽ പരിസ്ഥിതി ആഘാത പഠനം നടക്കുന്നതായി മന്ത്രി സഭയിൽ പറഞ്ഞു. ചോദ്യോത്തരവേളയിൽ പ്രതിപക്ഷ എംഎൽഎമാർ മുല്ലപ്പെരിയാറിലെ മരംമുറി വിഷയം ഉന്നയിച്ചപ്പോൾ ഇന്നലെ കാര്യങ്ങളെല്ലാം വിശദീകരിച്ചിരുന്നെന്നായിരുന്നു മന്ത്രിയുടെ മറുപടി. നിയമവിരുദ്ധ നടപടിയായതിനാലാണ് ഉത്തരവ് മരവിപ്പിച്ചതെന്ന് മന്ത്രി സഭയിൽ പറഞ്ഞു. വിശദമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി എടുക്കുമെന്ന് മന്ത്രി മറുപടി നൽകി. അതേസമയം മരംമുറി ഉത്തരവിൽ മന്ത്രിയാണ് ഉത്തരവാദിയെന്ന് കെ.ബാബു എംഎൽഎ സഭയിൽ ആരോപിച്ചു.
Content Highlights:government to seek expert opinion for advocate general in mullaperiyar tree cutting issue