തിരുവനന്തപുരം> ഇന്ധനവില വർധനയ്ക്കെതിരായ കോൺഗ്രസിന്റെ ചക്രസ്തംഭന സമരത്തിൽനിന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിട്ടുനിന്നു. ഇത് ചൂണ്ടിക്കാട്ടിയ മാധ്യമ പ്രവർത്തകരോട് സമയവും സാഹചര്യവും നോക്കിയാണ് നേതാക്കൾ പങ്കെടുക്കുകയെന്നായിരുന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രതികരണം. തിങ്കൾ പകൽ 11 മുതൽ 15 മിനിറ്റ് സെക്രട്ടറിയറ്റിനുമുന്നിൽനിന്ന് പാളയം, -വെള്ളയമ്പലംവഴി രാജ്ഭവൻവരെയായിരുന്നു സമരം. സുധാകരനും സതീശനും പങ്കെടുക്കുമെന്ന് കെപിസിസി ഓഫീസിൽനിന്ന് തിങ്കൾ രാവിലെയും മാധ്യമപ്രവർത്തകരെ അറിയിച്ചിരുന്നു.
നിയമസഭ ഉള്ളതിനാലാണ് പങ്കെടുക്കാത്തത് എന്നായിരുന്നു സതീശന്റെ വിശദീകരണം. എന്നാൽ, നിയമസഭയ്ക്ക് തൊട്ടടുത്തായിരുന്നു സമരം. സതീശന്റെ പിന്മാറ്റത്തിൽ സുധാകരൻ ക്ഷുഭിതനായി. ഇന്ദിരാഭവനിലുണ്ടായിരുന്ന നേതാക്കളോട് സുധാകരൻ തന്റെ അനിഷ്ടം വെളിപ്പെടുത്തുകയും ചെയ്തു.
സെക്രട്ടറിയറ്റിനുമുന്നിൽ സമരം ഉദ്ഘാടനം ചെയ്ത സുധാകരൻ അണികളോട് കലാപാഹ്വാനം നടത്തി. പൊലീസുമായി ഏറ്റുമുട്ടലിന് തയ്യാറാണെന്നായിരുന്നു പ്രഖ്യാപനം. തല്ല് കൊള്ളാനും കൊടുക്കാനും മടിയില്ലെന്നും പറഞ്ഞു.
കേന്ദ്ര ബിജെപി സർക്കാരിനെതിരെ ഒരക്ഷരം മിണ്ടാത്ത സുധാകരൻ സംസ്ഥാന സർക്കാരിനെതിരെ യുദ്ധപ്രഖ്യാപനവും നടത്തി. പാലക്കാട് സമരത്തിനിടെയുണ്ടായ അനിഷ്ട സംഭവം സ്വാഭാവികമെന്നും പറഞ്ഞു.















