തിരുവനന്തപുരം
സീരിയലിൽ നടത്തേണ്ടത് ധാർമികമായ സെൻസറിങ്ങെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. 2020ലെ സംസ്ഥാന ടെലിവിഷൻ പുരസ്കാരം സമ്മാനിക്കുകയായിരുന്നു അദ്ദേഹം.
വ്യവസായം എന്ന നിലയിൽ സീരിയലിനെ പ്രോത്സാഹിപ്പിക്കുകയാണ് സർക്കാരിന്റെ നയം. അതുകൊണ്ട് ഇവ നിർമിക്കുന്നവർ ധാർമികമായ സെൻസറിങ് സ്വയം നടത്തണം. ഉന്നത നിലവാരമുള്ള സീരിയൽ സംപ്രേഷണം ചെയ്യാൻ ചാനലുകൾ മുൻകൈ എടുക്കണമെന്നും മന്ത്രി പറഞ്ഞു.
നിശാഗന്ധി ഓഡിറ്റോtelevision awardറിയത്തിൽ നടന്ന ചടങ്ങിൽ അശ്വതി ശ്രീകാന്ത്, ശിവജി ഗുരുവായൂർ, ശാലു കുര്യൻ, മുഹമ്മദ് റാഫി, ബിജു മുത്തത്തി തുടങ്ങിയവർ പുരസ്കാരം ഏറ്റുവാങ്ങി. നിലവാരമുള്ള എൻട്രികൾ ഇല്ലാതിരുന്നതിനാൽ മികച്ച സീരിയൽ, സംവിധായകൻ, കലാസംവിധായകൻ എന്നീ വിഭാഗങ്ങളിൽ പുരസ്കാരം ഉണ്ടായിരുന്നില്ല.
ഭക്ഷ്യമന്ത്രി ജി ആർ അനിൽ അധ്യക്ഷനായി. ടെലിവിഷൻ അവാർഡ് ബുക്ക് ഗതാഗത മന്ത്രി ആന്റണി രാജു വി കെ പ്രശാന്ത് എംഎൽഎയ്ക്ക് നൽകി പ്രകാശിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, കഥാ വിഭാഗം ജൂറി ചെയർമാൻ ആർ ശരത്, കഥേതര വിഭാഗം ജൂറി ചെയർമാൻ സഞ്ജു സുരേന്ദ്രൻ, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, _അക്കാദമി ജനറൽ കൗൺസിൽ അംഗങ്ങളായ പ്രേംകുമാർ, മധു ജനാർദനൻ, അക്കാദമി സെക്രട്ടറി സി അജോയ് എന്നിവർ സംസാരിച്ചു.അവാർഡ് വിതരണത്തിനുശേഷം ഹരീഷ് ശിവരാമകൃഷ്ണന്റെ സംഗീത പരിപാടിയും നടന്നു.















