കൊച്ചി
ജോജു ജോർജിന്റെ കാർ തകർത്ത കേസിൽ ഒളിവിലായിരുന്ന കോൺഗ്രസ് നേതാക്കൾ കീഴടങ്ങാനെത്തിയത്, നടനെതിരെയുള്ള അസഭ്യവർഷത്തോടെ. ഒളിവിലായിരുന്ന മുൻ മേയർ ടോണി ചമ്മണി ഉൾപ്പെടെയുള്ള പ്രതികൾക്കൊപ്പം മരട് പൊലീസ് സ്റ്റേഷനിലേക്ക് പ്രകടനമായെത്തിയ കോൺഗ്രസ് പ്രവർത്തകർ, ജോജുവിന്റെ കോലംകത്തിച്ചു. കേട്ടാലറയ്ക്കുന്ന മുദ്രാവാക്യങ്ങളാണ് നേതാക്കൾ ഉൾപ്പെടെ വിളിച്ചത്.
കോൺഗ്രസ് നേതാക്കൾക്കെതിരെ നൽകിയത് വ്യാജ പരാതിയാണെന്നും കള്ളക്കേസിന് ജോജുവിനോട് പകരംചോദിക്കുമെന്നും പറഞ്ഞ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ജോജു സിപിഐ എമ്മിന്റെ ചട്ടുകമാണെന്നും ആവർത്തിച്ചു. മഹിളാ കോൺഗ്രസുകാരെ നടൻ അസഭ്യം പറഞ്ഞെന്നും ദേഹത്ത് തട്ടിയെന്നും ചാനൽ മൈക്കുകൾക്കുമുന്നിൽ ഡിസിസി പ്രസിഡന്റ് ആവർത്തിച്ചു.
ഒത്തുതീർപ്പുവരെ എത്തിയ കേസ്, എറണാകുളം ജില്ലയിലെ മന്ത്രിയും ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണനും ഇടപെട്ടാണ് അട്ടിമറിച്ചതെന്ന് ആരോപിച്ച ടോണി ചമ്മണി, ജോജു സിപിഐ എമ്മിന്റെ ജില്ലാ സമ്മേളന റാലി തടഞ്ഞാൽ നിഷ്പക്ഷനാണെന്ന് സമ്മതിക്കാമെന്നും പറഞ്ഞു.















