തിരുവനന്തപുരം
പതിനയ്യായിരം കിലോമീറ്റർ റോഡുകൂടി ബിഎം ആൻഡ് ബിസി (ബിറ്റുമിനസ് മെക്കാഡം– ബിറ്റുമിനസ്- കോൺക്രീറ്റ്) നിലവാരത്തിലാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു. റോഡുകളുടെ നിലവാരം ഉയർത്തുന്നതിന് അറ്റകുറ്റപ്പണി ബാധ്യത ഇല്ലാത്ത റോഡുകളിൽ റണ്ണിങ് കോൺട്രാക്ട് സംവിധാനം നടപ്പാക്കും. ബാധ്യതയുള്ള റോഡുകളിൽ പ്രവൃത്തി കൃത്യമായി നടപ്പാക്കും. കാലവർഷസമയങ്ങളിൽ പ്രവൃത്തി തുടങ്ങുന്നത് ഒഴിവാക്കാൻ വർക്കിങ് കലണ്ടർ തയ്യാറാക്കും.
ശബരിമല റോഡുകൾ ഉത്സവകാലത്തിനുമുമ്പ് സജ്ജമാക്കും. ശബരിമലപാക്കേജിൽ 293.579 കിലോമീറ്റർ വരുന്ന 60 പ്രവൃത്തിക്ക് അനുമതി നൽകി. കിഫ്ബിയുടെ റോഡുകളുടെ പ്രവൃത്തി നടപടിക്രമങ്ങളിലേക്ക് കടന്നു. മറ്റ് റോഡുകളിലും അറ്റകുറ്റപ്പണി ഉടൻ നടത്തും. അപ്രതീക്ഷിത മഴ റോഡുകൾക്ക് കനത്ത നാശമായി. മഴയും ന്യൂനമർദ മുന്നറിയിപ്പും പ്രവൃത്തി വൈകിപ്പിക്കുകയാണെന്ന് മോൻസ് ജോസഫിന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.