ദുബായ്
ക്യാപ്റ്റൻക്കുപ്പായത്തിൽ പ്രധാന കിരീടങ്ങളൊന്നുമില്ലാതെ വിരാട് കോഹ്ലി അവസാനിപ്പിക്കുന്നു. ട്വന്റി 20യിൽ ഇനി കളിക്കാരനായി തുടരും. ഏകദിന ടീം ക്യാപ്റ്റൻസ്ഥാനവും ഉടൻ ഒഴിയാനാണ് സാധ്യത. ടെസ്റ്റിൽമാത്രം ക്യാപ്റ്റനായി തുടരും.
ക്യാപ്റ്റൻസ്ഥാനം ഒഴിയുമെന്ന് കോഹ്ലി ലോകകപ്പിന് മുമ്പുതന്നെ പ്രഖ്യാപിച്ചിരുന്നു. ഐപിഎലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീമിന്റെ നായകസ്ഥാനവും ഈ മുപ്പത്തിമൂന്നുകാരൻ ഒഴിഞ്ഞു. ജോലിഭാരം കൂടിയതിനാലാണ് സ്ഥാനമൊഴിയുന്നതെന്ന് കോഹ്ലി വ്യക്തമാക്കി.
കോഹ്ലി ക്യാപ്റ്റൻസ്ഥാനം ഏറ്റെടുക്കുന്നത് 2017ലാണ്. 45 മത്സരങ്ങളിൽ നയിച്ചു. 27ൽ ജയിച്ചു. 14 എണ്ണത്തിൽ തോറ്റപ്പോൾ രണ്ടെണ്ണം സമനിലയായി. രണ്ടെണ്ണം ഉപേക്ഷിക്കുകയും ചെയ്തു. 65.11 ആണ് വിജയശരാശരി. ട്വന്റി 20 മികച്ച വിജയശരാശരിയിൽ നാലാം സ്ഥാനത്തുണ്ട് ഈ മുപ്പത്തിമൂന്നുകാരൻ. പക്ഷേ, ലോകകിരീടം മാത്രമില്ല. ക്യാപ്റ്റൻക്കുപ്പായത്തിൽ കോഹ്ലിയുടെ ആദ്യ ട്വന്റി 20 ലോകകപ്പുമായിരുന്നു ഇത്.
ഏത് വിഭാഗത്തിലായാലും നിലവിലെ ഇന്ത്യൻടീമിൽ കോഹ്ലിയേക്കാൾ മികച്ച ബാറ്ററുണ്ടായിരുന്നില്ല. 2019 മുതലാണ് ബാറ്റിങ്ങിലും കോഹ്ലിക്ക് തിരിച്ചടി തുടങ്ങിയത്. പതിവുതാളം നഷ്ടപ്പെട്ടു. ടെസ്റ്റ്, ഏകദിന, ട്വന്റി 20 മത്സരങ്ങളിൽ ഒരുപോലെ തളർന്നു. ട്വന്റി 20യിൽ കോഹ്ലിയുടെ പതർച്ച ഈ ലോകകപ്പിൽ പ്രകടമായി.
പാകിസ്ഥാനുമായുള്ള ആദ്യ കളിയിൽ പിടിച്ചുനിന്ന ഒരേയൊരു ബാറ്റ്സ്മാനാണെങ്കിലും പഴയ പ്രഭാവം ക്യാപ്റ്റനിൽ കണ്ടില്ല. റൺ കണ്ടെത്താൻ കഴിയാത്തതുതന്നെയാണ് ക്യാപ്റ്റൻസ്ഥാനം ഇനി വേണ്ടെന്ന കോഹ്ലിയുടെ തീരുമാനത്തിനുള്ള പ്രധാന കാരണം. ഇതിനിടെ, ഉപനായകൻ രോഹിത് ശർമയുമായി തർക്കങ്ങളുണ്ടെന്ന വാർത്തകൾ വന്നെങ്കിലും സ്ഥിരീകരണമുണ്ടായില്ല.
ഏകദിന ലോകകപ്പിൽ പ്രതീക്ഷയോടെ ഇറങ്ങിയെങ്കിലും 2019ൽ സെമിയിൽ തോറ്റ് പുറത്തായി. അടുത്ത വർഷംതന്നെ ഏകദിന നായകസ്ഥാനവും ഉപേക്ഷിച്ചേക്കും.
ട്വന്റി 20 ലോകകപ്പിൽ മികച്ച റെക്കോഡുള്ള ബാറ്ററാണ്. 2014, 2016 ലോകകപ്പുകളിൽ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു. ഒമ്പത് അരസെഞ്ചുറികളും ലോകകപ്പിൽ നേടി. മികച്ച റൺവേട്ടക്കാരനുമാണ്.
ഉപനായകൻ രോഹിത് ശർമയ്ക്കാണ് അടുത്ത ക്യാപ്റ്റനാകാനുള്ള സാധ്യത. ഐപിഎലിൽ മുംബൈ ഇന്ത്യൻസിനെ പലതവണ ചാമ്പ്യൻമാരാക്കിയതിന്റെ മികവുണ്ട് രോഹിതിന്. അതേസമയം, മുൻതാരങ്ങളിൽ ചിലർ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെ പിന്തുണയ്ക്കുന്നു. ലോകേഷ് രാഹുൽ, ജസ്പ്രീത് ബുമ്ര എന്നീ പേരുകളും ഉയർന്നുകേൾക്കുന്നു.
അടുത്തയാഴ്ചയാണ് ന്യൂസിലൻഡുമായുള്ള പരമ്പര തുടങ്ങുന്നത്. അതിനുമുമ്പ് ക്യാപ്റ്റനെയും ടീമിനെയും പ്രഖ്യാപിക്കും. മുതിർന്ന താരങ്ങൾക്ക് വിശ്രമം നൽകാനും സാധ്യതയുണ്ട്.