ചെന്നൈ: മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയാക്കുമെന്ന് തമിഴ്നാട്. നവംബർ 30-ന് അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലെത്തുമെന്ന് ജലസേചന വകുപ്പ് മന്ത്രി ദുരൈമുരുകനാണ്പറഞ്ഞത്. ജലനിരപ്പ് ഉയർത്താത്തതിലെ ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മുല്ലപ്പെരിയാറിലെ കാര്യങ്ങൾ സുപ്രീം കോടതി പറയുന്നത് അനുസരിച്ചാണ് നടക്കുകയെന്നും അദ്ദേഹം പറഞ്ഞു. അണക്കെട്ടുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കേരളവുമായി പ്രശ്നങ്ങൾക്ക് താത്പര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബേബി ഡാം പരിസരത്തെ മരങ്ങൾ മുറിക്കാനുള്ള ഉത്തരവ് കേരള സർക്കാർ റദ്ദാക്കിയതിൽ ഇടപെടാനാകില്ലെന്നും ദുരൈമുരുകൻ നേരത്തെ പ്രതികരിച്ചിരുന്നു. വൈകാരികമായ വിഷയമാണെന്നും അനാവശ്യപ്രശ്നങ്ങൾ സൃഷ്ടിക്കാൻ താത്പര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ ഡാം തുറന്നത് നടപടിക്രമങ്ങൾ പാലിച്ചാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ജലനിരപ്പ് 136 അടിയാക്കണമെന്നാണ് മുല്ലപ്പെരിയാർ സമരസമിതി ഉന്നയിക്കുന്ന ആവശ്യം. കേരളത്തിലെ ജനങ്ങൾക്ക് സുരക്ഷ, തമിഴ്നാടിന് വെള്ളം എന്നതായിരിക്കണം നിലപാട്. ജല കമ്മിഷൻ ശുപാർശ ചെയ്തിരുന്നത് 136 അടിയായി ജലനിരപ്പ് നിജപ്പെടുത്തണമെന്നാണ്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയുമായി ചർച്ച ചെയ്യണമെന്നും സമിതി ആവശ്യപ്പെട്ടിരുന്നു.
അതേസമയം മുല്ലപ്പെരിയാർ സന്ദർശിച്ച ദുരൈമുരുകൻ ഉൾപ്പെടെയുള്ള തമിഴ്നാട് മന്ത്രി സംഘം ജലനിരപ്പ് 152 അടിയായി ഉയർത്തുമെന്നാണ് പ്രതികരിച്ചിരുന്നത്.
Content Highlights: water level at mullaperiyar will be 142ft by november 30th says tamilnadu