കോട്ടയം > ഗവേഷണസംബന്ധമായ വിഷയങ്ങൾ ഉന്നയിച്ച് നാനോസയൻസ് ഗവേഷക വിദ്യാർഥിനി ദീപ പി മോഹനൻ മഹാത്മാഗാന്ധി സർവകലാശാല കവാടത്തിൽ നടത്തിയ നിരാഹാര സമരം ഒത്തുതീർപ്പായി.
വൈസ് ചാൻസലർ ഡോ. സാബു തോമസ് ഉൾപ്പെടെ സർവകലാശാല അധികൃതരുമായി ദീപ പി മോഹനൻ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇന്റർനാഷണൽ ആൻഡ് ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി (ഐഐയുസിഎൻഎൻ)യുടെ ചുമതലയിൽ നിന്നും ഡോ. കെ നന്ദകുമാറിനെ പൂർണമായും നീക്കുന്നതിനും തീരുമാനമായി. ഭാവിയിൽ ദീപ പി മോഹനന്റെ ഗവേഷണവുമായി ബന്ധപ്പെട്ട ഒരുതരത്തിലുള്ള ചുമതലയും നന്ദകുമാറിന് ഉണ്ടായിരിക്കുന്നതല്ല. ആരോപണവിധേയനായ ഐഐയുസിഎൻഎൻലെ താൽക്കാലിക ജീവനക്കാരൻ എം ചാൾസ് സെബാസ്റ്റ്യനെ സെന്ററിൽ നിന്ന് ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഗവേഷണം പൂർത്തിയാക്കുന്നതിന് ഹൈക്കോടതി 2020 മാർച്ച് 23 വരെ നൽകിയിരുന്ന കാലാവധി അതേ തീയതി മുതൽ നാല് വർഷത്തേക്കുകൂടി നീട്ടുന്നതിനും തീരുമാനമായി. ഗവേഷണത്തിനാവശ്യമായ ലബോറട്ടറി, ഹോസ്റ്റൽ, ലൈബ്രറി സൗകര്യങ്ങളും സർവകലാശാല ഗവേഷകയ്ക്ക് ഉറപ്പുനൽകി . കൂടാതെ രണ്ട് വർഷത്തേക്ക് ദീപ പി മോഹനന് യൂണിവേഴ്സിറ്റി റിസർച്ച് ഫെലോഷിപ്പും അനുവദിക്കും. ഇ ഗ്രാന്റ് ഇനത്തിൽ ഗവേഷകയ്ക്ക് ലഭിക്കുവാനുള്ള കുടിശിക ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികൾ സർവകലാശാല സ്വീകരിക്കും.
ഗവേഷക ഉന്നയിച്ചിട്ടുള്ള മറ്റ് പരാതികൾ പരിശോധിക്കുന്നതിന് പ്രത്യേക സമിതി രൂപീകരിക്കുന്നതിനും സർവകലാശാല തീരുമാനിച്ചിട്ടുണ്ട്. സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസ് (എസ്ജിറ്റിഡിഎസ്) ഡീനും സിൻഡിക്കേറ്റംഗവുമായ ഡോ. എം എച്ച് ഇല്യാസ്, സിൻഡിക്കേറ്റംഗങ്ങളായ ഡോ. ഷാജില ബീവി, ഡോ. അനിത ആർ എന്നിവരാണ് സമിതി അംഗങ്ങൾ.
ഇതുകൂടാതെ ഗവേഷകയ്ക്ക് സർവകലാശാല ലഭ്യമാക്കിയിട്ടുള്ള സൗകര്യങ്ങൾ വിലയിരുത്തുന്നതിനും മേൽനോട്ടം വഹിക്കുന്നതിനുള്ള സമിതിക്കും രൂപം നൽകി . എസ്ജിറ്റിഡിഎസ് ഡീനും സിൻഡിക്കേറ്റംഗവുമായ ഡോ. എം എച്ച് ഇല്യാസ്, സിൻഡിക്കേറ്റംഗവും സ്കൂൾ ഓഫ് ടൂറിസം സ്റ്റഡീസിലെ ഡീനുമായ ഡോ. റോബിനറ്റ് ജേക്കബ്, സ്കൂൾ ഓഫ് പ്യുവർ ആൻഡ് അപ്ലൈഡ് സയൻസസിലെ സരിത മോഹൻ, ഗവേഷകയുടെ പ്രതിനിധികളായി അമ്മ കെ പി സാംബവി , എം എൻ സജീഷ് കുമാർ, പി ആർ അനുരാജി എന്നിവരുമാണ് സമിതിയിലുള്ളത്.
ഗവേഷണത്തിനുള്ള ഗൈഡായി ഡോ. ഇ കെ രാധാകൃഷ്ണൻ തുടരും. സഹ ഗൈഡുമാരായി വൈസ് ചാൻസലർ ഡോ. സാബു തോമസും സ്കൂൾ ഓഫ് കെമിക്കൽ സയൻസസിലെ ഡോ. ബീന മാത്യുവും ഉണ്ടായിരിക്കും. സമരവുമായി ബന്ധപ്പെട്ട് ഗവേഷകയ്ക്കെതിരെ പ്രതികാര നടപടികളും ഉണ്ടാവുകയില്ലെന്ന് സർവകലാശാല അധികൃതർ ചർച്ചയിൽ ഉറപ്പുനൽകി.
പ്രോ വൈസ് ചാൻസലർ ഡോ. സി റ്റി അരവിന്ദകുമാർ, സിൻഡിക്കേറ്റംഗങ്ങളായ അഡ്വ.റെജി സക്കറിയ, ഡോ. ഷാജില ബീവി, ഡോ. ബി കേരളവർമ്മ, ഡോ. കെ എം സുധാകരൻ, ഡോ.ആർ അനിത , ഡോ. ബാബു മൈക്കിൾ, ഡോ. ബിജു പുഷ്പൻ, രജിസ്ട്രാർ ഡോ. ബി പ്രകാശ്കുമാർ , ദീപ പി മോഹനന്റെ പ്രതിനിധികളായി എം എൻ സജീഷ് കുമാർ, പി ആർ അനുരാജി , മൻസൂർ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.