ഇടുക്കി: മുല്ലപ്പെരിയാറിലെ ബേബി ഡാം പരിസരത്തെ മരംമുറി വിവാദത്തിൽ സംസ്ഥാന സർക്കാരിനെതിരെ സമരസമിതി. മുല്ലപ്പെരിയാറിൽ സംസ്ഥാന സർക്കാർ അറിയാതെ ഒന്നും നടക്കില്ലെന്ന് സമരസമിതി ആരോപിച്ചു. മരംമുറിക്കാനുള്ള ഉത്തരവ് സംസ്ഥാന സർക്കാർ അറിയാതെയാണ് ഇറങ്ങിയതെന്ന വിവാദത്തോട് പ്രതികരിക്കുകയായിരുന്നു സമരസമിതി. മരംമുറി ഉത്തരവ് വിവാദമായതോടെ സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം ഉത്തരവ് മരവിപ്പിച്ചിരുന്നു.
മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടിയായി നിലനിർത്തണമെന്നും സമരസമിതി ആവശ്യപ്പെട്ടു. മുൻപ് ജലകമ്മിഷൻ റിപ്പോർട്ട് അനുസരിച്ച് 136 അടിയാണ് പരമാവധി സംഭരണശേഷി. കേരളത്തിലെ ജനങ്ങൾക്ക് സുരക്ഷ തമിഴ്നാടിന് വെള്ളം എന്നതാണ് തങ്ങളുടെ മുദ്രാവാക്യമെന്നും സമരസമിതി നേതാക്കൾ പറയുന്നു.
ജലനിരപ്പ് 136 അടിയായി നിജപ്പെടുത്തണമെന്ന ആവശ്യം മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിൽക്കണ്ട് അടിയന്തരമായി ധരിപ്പിക്കണമെന്നും ഒപ്പം പുതിയ ഡാം നിർമിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ ശക്തമാക്കണമെന്നും സമരസമിതി ആവശ്യപ്പെടുന്നു.
Content Highlights: cm should meet pm modi in mullaperiyar issue demands samara samithi