കൊച്ചി > ദേശീയപാത ഉപരോധത്തിനിടയില്‍ നടന് ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസിലെ പ്രതികളായ കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റുചെയ്തു ജയിലിലടച്ചു. കേസ് ഒത്തുതീര്‍ക്കാന്‍ കെപിസിസിയും എറണാകുളം ഡിസിസിയും നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ മരട് പൊലീസ് സ്റ്റേഷനില്‍ പ്രതികള്‍ കീഴടങ്ങുകയായിരുന്നു.
ഒന്നാംപ്രതിയും മുന്‍ മേയറുമായ ടോണി ചമ്മിണി ഉള്‍പ്പെടെ നാലുപ്രതികളെയും പിന്നീട് കോടതി റിമാന്‍ഡ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി മനു ജേക്കബ്, തമ്മനം മണ്ഡലം പ്രസിഡന്റ് ജര്‍ജസ് ജേക്കബ്, വൈറ്റില മണ്ഡലം സെക്രട്ടറി ജോസഫ് മാളിയേക്കല്‍ എന്നിവരാണ് കീഴടങ്ങിയ മറ്റുപ്രതികള്‍. നേരത്തെ കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളായ പി ജി ജോസഫ്, ഷെരീഫ് വാഴക്കാല എന്നിവര്‍ അറസ്റ്റിലായിരുന്നു. കേസില്‍ രണ്ട് പ്രതികള്‍ കൂടി കീഴടങ്ങാനുണ്ട്.
കളളക്കേസുകള്‍ പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കണമെന്ന ജോജുവിന്റെ ആവശ്യം കോണ്‍ഗ്രസ് നേതൃത്വം തള്ളിയതോടെയാണ് ഒത്തുതീര്‍പ്പിനുള്ള വഴിയടഞ്ഞത്. മഹിളാ കോണ്‍ഗ്രസ് നേതാക്കളെ അപമാനിച്ചെന്നതടക്കമുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കാമെന്ന് ധാരണയായിരുന്നു. എന്നാല്‍ വാഹനം തകര്‍ത്തതിനും വീട്ടുകാരെ ഉള്‍പ്പെടെ അസഭ്യം പറഞ്ഞതിനും ഖേദപ്രകടനത്തിന് തയ്യാറായില്ല. ഇതിനിടെ, ആദ്യം അറസ്റ്റിലായ പ്രതിക്ക് കോടതി ജാമ്യം നിഷേധിച്ചു. അതോടെ കോണ്‍ഗ്രസിന് ഒത്തുതീര്‍പ്പ് നീക്കം അവസാനിപ്പിക്കേണ്ടിവന്നു.
തുടര്‍ന്ന് വെള്ളിയാഴ്ച ഡിസിസി യോഗം ചേര്‍ന്ന് മുഴുവന്‍ പ്രതികളും പൊലീസില്‍ കീഴടങ്ങാന്‍ തീരുമാനിച്ചു. ഒരാഴ്ചയായി വീടുപൂട്ടി ഒളിവില്‍ പോയിരുന്ന ടോണി ചമ്മിണി ഉള്‍പ്പെടെ പ്രതികള്‍ തിങ്കളാഴ്ച വൈകീട്ട് നാലോടെയാണ് പ്രവര്‍ത്തകര്‍ക്കൊപ്പം എത്തി കീഴടങ്ങിയത്. റിമാന്‍ഡിലായ നാലുപേരെയും പിന്നീട് കാക്കനാട് ജില്ലാജയിലിലടച്ചു.
ഒരാഴ്ചയായി കോണ്‍ഗ്രസ് നേതാക്കള്‍ ജോജുവുമായി ഒത്തുതീര്‍പ്പിന് കിണഞ്ഞു ശ്രമിക്കുകയായിരുന്നു. സ്വകാര്യസ്വത്ത് നശിപ്പിക്കുന്നതിനെതിരായ നിയമത്തിലെ വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്തിയതോടെയാണ് നേതാക്കള്‍ നെട്ടൊട്ടമാരംഭിച്ചത്. അറസ്റ്റിലായാല്‍ ജാമ്യമില്ലാതെ ജയിലാകുമെന്നതും കുറ്റം തെളിഞ്ഞാല്‍ അഞ്ചുവര്‍ഷം വരെ ജയില്‍ശിക്ഷ കിട്ടാമെന്നതുമാണ് ഒത്തുതീര്‍പ്പിന് പ്രേരിപ്പിച്ചത്.
പ്രതികളില്‍ നിന്ന് നഷ്ടപരിഹാരതുക ഈടാക്കാനുള്ള വ്യവസ്ഥയും ചേര്‍ത്തിരുന്നു. ജോജു ജോര്‍ജിന്റെ സുഹൃത്തുക്കളും അഭിഭാഷകനുമായിട്ടായിരുന്നു ചര്‍ച്ച. ഖേദം പ്രകടിപ്പിക്കാമെന്ന് അവരോട് വാക്കാല്‍ പറഞ്ഞെങ്കിലും തെറ്റ് ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടു എന്നു മാത്രമാണ് ഡിസിസി എഴുതി നല്കിയ പ്രസ്താവനയിലുണ്ടായിരുന്നത്. തുടര്‍ന്നാണ് കേസുമായി മുന്നോട്ടു പോകാന്‍ ജോജു തീരുമാനിച്ചത്.