കോട്ടയം: എംജി സർവകലാശാലയിൽ സമരം നടത്തുന്ന ദളിത് വിദ്യാർഥിക്കെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി അധ്യാപകൻ നന്ദകുമാർ കളരിക്കൽ. നാനോ സെന്റർ ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റിയ നടപടിക്കെതിരെ കോടതിയെ സമീപിക്കാനാണ് നന്ദകുമാറിന്റെ തീരുമാനം. ഗവേഷക വിദ്യാർഥിയുടെ ആരോപണങ്ങൾ ഹൈക്കോടതി തള്ളിയതാണെന്നും നന്ദകുമാർ ആരോപിക്കുന്നു. ആരോപണങ്ങൾ ഉയർന്നപ്പോൾ തന്നെ അന്വേഷിക്കാനായി രണ്ടംഗ സമിതിയെ സർവകലാശാല ചുമതലപ്പെടുത്തിയിരുന്നു.
സമിതി റിപ്പോർട്ട് അനുസരിച്ച് നന്ദകുമാറിനെതിരെ കേസ് എടുക്കണമെന്നായിരുന്നു കണ്ടെത്തൽ. എന്നാൽ പിന്നീട് പോലീസ് അന്വേഷിച്ച് ഈ കേസിൽ കഴമ്പില്ലെന്ന് കണ്ടെത്തുകയായിരുന്നു. ഹൈക്കോടതിയും പോലീസ് കണ്ടെത്തൽ ശരിവെച്ചിരുന്നു. ആ സാഹചര്യത്തിലാണ് ഗവേഷകയുടെ ആരോപണങ്ങൾ ശരിയല്ലെന്നും നിയമനടപടി സ്വീകരിക്കുമെന്നും നന്ദകുമാർ കളരിക്കൽ പറയുന്നത്. ജാതി അധിക്ഷേപം ഉൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളാണ് ഗവേഷക വിദ്യാർഥി അധ്യാപകൻ നന്ദകുമാറിനെതിരെ ഉന്നയിക്കുന്നത്.
നാനോ സെന്റർ ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റി നിർത്തിക്കൊണ്ടുള്ള സർവകലാശാല സിൻഡിക്കേറ്റ് തീരുമാനത്തേയും കോടതിയിൽ ചോദ്യം ചെയ്യാനാണ് നന്ദകുമാറിന്റെ തീരുമാനം. ഫ്രാൻസിലെ ഒരു സർവകലാശാലയിൽ ഗവേഷണവുമായി ബന്ധപ്പെട്ടാണ് നന്ദകുമാർ ഇപ്പോൾ ഉള്ളത്. എന്നാൽ അഭിഭാഷകൻ മുഖേന കോടതിയെ സമീപിക്കാനാണ് നീക്കം.
അതേസമയം വിദ്യാർഥിയുടെ സമരം 11ാം ദിവസം പുരോഗമിക്കുകയാണ്. വിദ്യാർഥിയുടെ ആവശ്യം സംസ്ഥാന സർക്കാർ നടപ്പിലാക്കിയെന്നാണ് മന്ത്രി കെ. രാധാകൃഷ്ണൻ നിയമസഭയിൽ വ്യക്തമാക്കിയത്. ഇപ്പോഴെടുത്ത നടപടികൾ പോരെന്നും നന്ദകുമാറിനെ അധ്യാപകനായി പോലും ഡിപാർട്മെന്റിൽ തുടരാൻ അനുവദിക്കരുതെന്ന ഗവേഷകയുടെ ആവശ്യത്തിൽ തട്ടിയാണ് പ്രശ്നപരിഹാരം വൈകുന്നത്.
Content Highlights: nandhakumar to file legal suit in mg university scholar strike issue