തിരുവനന്തപുരം > കൂട്ടിക്കൽ വില്ലേജിൽ നിലവിൽ ഒരു ക്വാറിക്ക് മാത്രമേ അതുമതിയുള്ളുവെന്ന് മന്ത്രി പി രാജീവ്. നിലവിൽ പ്രവർത്തിക്കുന്ന ക്വാറിക്ക് അഞ്ച് വർഷം മാത്രമാണ് പ്രവർത്തനാനുമതി നൽകിയിരിക്കുന്നത്. ദുരന്തത്തിന് ക്വാറിയുടെ പ്രവർത്തനം കാരണമായോ എന്ന് പ്രത്യേകം പരിശോധിച്ചിട്ടില്ലെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.
സംസ്ഥാനത്തുള്ള അനധികൃതമായി പ്രവർത്തിക്കുന്ന ക്വാറികൾക്കെതിരെ ഉടൻ നടപടിയെടുക്കും. അഞ്ച് വകുപ്പുകളെ ഏകോപിപ്പിച്ച് പരിശോധന നടത്തുമെന്നും ജില്ലാ തലത്തിൽ പരിശോധന ആരംഭിച്ചു കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. ഇതുവരെ എത്ര ക്വാറികൾക്ക് അനുമതി നൽകി എന്നത് പരസ്യപ്പെടുത്തും. ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ പരിസ്ഥിതിലോല പ്രദേശങ്ങളിൽ പ്രത്യേക പരിശോധന നടത്തുന്നുണ്ട്. 2010 – 11 കാലയളവിൽ 3104 ക്വാറികളും 2020 -21 കാലയളവിലായി 604 ക്വാറികൾക്കുമാണ് അനുമതി നൽകിയിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു.