കാഞ്ഞിരപ്പള്ളി > കാഞ്ഞിരപ്പള്ളിയില്‍ സിനിമാ ചിത്രീകരണ സ്ഥലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഷാജി കൈലാസ്- പൃഥ്വിരാജ് ചിത്രം ‘കടുവ’യുടെ ഷൂട്ടിങ് ഗതാഗതം തടസ്സപ്പെടുത്തി നടത്തുന്നുവെന്നാരോപിച്ച് ഒരു വിഭാഗം നടത്തിയ മാര്‍ച്ച് പ്രവര്‍ത്തകര്‍ തടഞ്ഞു.
കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്തെ ഷൂട്ടിങ് സെറ്റിലേക്കാണ് പൊന്‍കുന്നത്തുനിന്നുള്ള യൂത്ത് കോണ്‍ഗ്രസുകാര്‍ മാര്‍ച്ച് നടത്തിയത്. നടന് ജോജു ജോര്‍ജിന് എതിരായ മുദ്രാവാക്യങ്ങളുമായിട്ടായിരുന്നു പ്രകടനം. എന്നാല്‍ ഷൂട്ടിങ് നടക്കുന്ന സ്ഥലത്തെ നേതാക്കളെ അറിയിക്കാതെയാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്ന് പറഞ്ഞ് കാഞ്ഞിരപ്പള്ളിയിലെ യൂത്ത് കോണ്‍ഗ്രസുകാര്‍ മാര്‍ച്ച് തടഞ്ഞു. ഷൂട്ടിങിന് സെക്യൂരിറ്റി ഗാര്‍ഡുകളായി നിന്നിരുന്നതും കോണ്‍ഗ്രസുകാര്‍ തന്നെയായിരുന്നു. ഇതോടെ ഇരുവിഭാഗവും തമ്മില്‍ ചിത്രീകരണ സ്ഥലത്ത് ഉന്തും തള്ളുമുണ്ടായി. പൊലീസ് ഇടപെട്ടാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്.
കൊച്ചിയില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെടുത്തിയുള്ള കോണ്‍ഗ്രസിന്റെ സമരത്തിനെതിരെ നടന് ജോജു ജോര്‍ജ് പ്രതിഷേധിച്ചത് വലിയ ചര്‍ച്ചയായിരുന്നു. സമരത്തിനെതിരെ രംഗത്തെത്തിയതിന് ജോജുവിന്റെ കാര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തല്ലിതകര്‍ക്കുകയും ചെയ്തിരുന്നു. ജോജു നല്കിയ പരാതിയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇതോടെയാണ് സിനിമാ ചിത്രീകരണങ്ങള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയത്.