ന്യൂഡൽഹി: കോവിഡ് കാലത്ത് തടവ് പുള്ളികൾ പരോളിൽ പോയതിനാൽ ജയിലുകളിലെ വ്യവസായ യൂണിറ്റുകളിൽ നിന്നുള്ള വരുമാനത്തിൽ വൻ ഇടിവ് ഉള്ളതായി സംസ്ഥാന സർക്കാർ. തടവ് പുള്ളികൾ പരോളിൽ ആയതിനാൽ ജയിലുകളിലെ പല യൂണിറ്റുകളിലും തൊഴിൽ ചെയ്യാൻ ആളില്ലെന്നും സർക്കാർ വ്യക്തമാക്കി. സുപ്രീം കോടതിയിൽ സംസ്ഥാന ആഭ്യന്തര വകുപ്പ് ഫയൽ ചെയ്ത സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. തടവ് പുള്ളികളുടെ പരോൾ നീട്ടി നൽകരുതെന്നുംസംസ്ഥാന സർക്കാർ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.
സംസ്ഥാന ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി ആർ സുബാഷ് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിലാണ് ജയിലുകളിലെ വ്യവസായ യൂണിറ്റുകളുടെ വരുമാന നഷ്ടത്തെ കുറിച്ച് വിശദീകരിച്ചിരിക്കുന്നത്. നെട്ടുകാൽത്തേരി തുറന്ന ജയിലെ മുന്നൂറാളം തടവ് പുള്ളികളിൽ 30 പേരൊഴികെ മറ്റുള്ളവർ പരോളിൽ ആണ്. 2019 -20 ൽ ഈ ജയിലിൽ നിന്നുള്ള വരുമാനം 6022788 രൂപ ആയിരുന്നു. എന്നാൽ കേവലം പത്ത് ശതമാനം തടവ് പുള്ളികൾ മാത്രം ഉണ്ടായിരുന്ന 2020- 21 ൽ ജയിലിൽ നിന്നുള്ള വരുമാനം 2433400 രൂപയായി ഇടിഞ്ഞു. ഇതേ കാലയളവിൽ തിരുവനന്തപുരം സെൻട്രൽ ജയിലിന്റെ വരുമാനം 15514393 ൽ നിന്ന് 7737635 ആയി ഇടിഞ്ഞു.
79 ശതമാനം തടവുപുള്ളികളും പരോളിൽ പോയ കാസർകോട്ചീമേനി ജയിലിൽ നിന്നുള്ള വരുമാനം 5031550 ൽ നിന്ന് കേവലം 61713 ആയി കുറഞ്ഞു. വിയ്യൂർ സെൻട്രൽ ജയിലിലെ വരുമാനം 10729264 ൽ നിന്ന് 4364397 കുറഞ്ഞു. കണ്ണൂർ സെൻട്രൽ ജയിലിലും ഏതാണ്ട് ഇരുപത്തി അഞ്ച് ലക്ഷം രൂപയുടെ വരുമാന നഷ്ടമാണ് ഉണ്ടായത്. തിരുവനന്തപുരം വനിത ജയിലിലെ വ്യവസായ യൂണിറ്റിലെ വരുമാനം 554962 നിന്ന് 136862 ആയി കുറഞ്ഞു. തിരുവനന്തപുരത്ത് വനിതകൾക്കായുള്ള തുറന്ന ജയിൽ, വിയ്യൂരിലെ വനിതാ ജയിലിൽ എന്നിവടങ്ങളിൽ ഉണ്ടായ വരുമാന നഷ്ടത്തിന്റെ കണക്കും സംസ്ഥാന ആഭ്യന്തര വകുപ്പ് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ വിശദീകരിച്ചിട്ടുണ്ട്.
ഭക്ഷണ നിർമ്മാണം, കഫറ്റേരിയ, സലൂൺ, റബ്ബർ ടാപ്പിംഗ്, പെട്രോൾ പമ്പ്, എന്നീ യൂണിറ്റുകളാണ് കേരളത്തിലെ ജയിലുകളിൽ ഉള്ളത്. പല തടവ്പുള്ളികൾക്കും ഈ വ്യവസായ യൂണിറ്റുകളിൽ നിന്ന് ലഭിക്കുന്ന തുച്ഛമായ ശമ്പളമാണ് ആശ്വാസമാണ്. എന്നാൽ ചില സഹ തടവുകാർ പരോളിൽ നിന്ന് ഇവരെ ജയിലുകളിലേക്ക് മടങ്ങാൻ അനുവദിക്കുന്നില്ല എന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.
സംസ്ഥാനത്തെ കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി സുപ്രീം കോടതിയെ സമീപിച്ച തടവ്പുള്ളികൾക്ക് ഒക്ടോബർ 31 വരെ സുപ്രീം കോടതി പരോൾ നീട്ടി നൽകിയിരുന്നു. എന്നാൽ കേരളത്തിൽ നിലവിൽ കോവിഡ് നിയന്ത്രണവിധേയമായെന്നും അതിനാൽ തടവ് കാർക്ക് ഇനി പരോൾ നീട്ടി നൽകരുത് എന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. സ്കൂളുകൾ, കോളേജുകൾ, തീയേറ്ററുകൾ എന്നിവ തുറന്നതായും, ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങുന്നതിനാൽ തടവ് പുള്ളികളോട് ജയിലുകളിലേക്ക് മടങ്ങാൻ നിർദേശിക്കണം എന്നും കേരളം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. കേസ് ഈ ആഴ്ച സുപ്രീം കോടതി പരിഗണിക്കും.
Content Highlights: parol of prisoners lead to huge loss in jails says kerala in supreme court