കോഴിക്കോട്: മതത്തിന്റെ വേലിക്കെട്ടുകളില്ലാതെ പ്രണയത്തെ ചേർത്ത് പിടിച്ച് തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫും മുക്കംസ്വദേശിനി കെ.അനുഷയും വിവാഹിതരായി. എസ്.എഫ്.ഐ കാലം മുതലുള്ള പരിചയവും പ്രണയവും ഒടുവിൽ വിവാഹത്തിലേക്കെത്തുമ്പോൾ തിരുവമ്പാടിയുടെ പ്രളയ നായകൻ ഒരിക്കൽ കൂടി സമൂഹത്തിന് മാതൃകയാവുകയാണ്.
ഊന്ന് വടിയിൽ കതിർ മണ്ഡപത്തിലെത്തി രക്തഹാരംചാർത്തി ലിന്റോ അനുഷയെ മുന്നോട്ടുള്ള വഴികളിൽ കൂടെ കൂട്ടിയപ്പോൾ മുദ്രാവാക്യം വിളിച്ചാണ് പാർട്ടി പ്രവർത്തകർ വിവാഹം ആഘോഷിച്ചത്. കോവിഡ് നിയന്ത്രണമുള്ളതിനാൽ കുറഞ്ഞ ആളുകളെ ക്ഷണിച്ചുകൊണ്ടുള്ളതായിരുന്നു വിവാഹം.
പ്രളയകാലത്ത്കൂമ്പാറ മാങ്കുന്ന് കോളനിയിലെ കാൻസർ രോഗിയെ അടിയന്തരമായി ആശുപത്രിയിലേക്കെത്തിക്കുന്നതിനിടെയുണ്ടായ വാഹന അപകടമായിരുന്നു ലിന്റോ ജോസഫിനെ ഊന്നുവടിയിലാക്കിയത്. പെട്ടെന്ന് ഡ്രൈവറെ കിട്ടാതെ വന്നപ്പോൾ ആംബുലൻസ് ഓടിച്ച് ആശുപത്രിയിലേക്ക് പോവുന്നതിനിടെയുണ്ടായ അപകടം ലിന്റോയുടെ കാലിന് സ്വാധീനമില്ലാതാക്കുകയായിരുന്നു. ഒരു കാലിന് സ്വാധീനം നഷ്ടമായപ്പോഴും സാമൂഹിക രാഷ്ട്രീയ പ്രവർത്തനങ്ങൾ പിന്നോട്ടില്ലെന്ന നിലപാടുമായി മുന്നേറിയതാണ് ലിന്റോ ജോസഫിനെ തിരുവമ്പാടിയിൽ മത്സരിപ്പിക്കാൻ ഇടതുമുന്നണിക്ക് പ്രചോദനമായത്. അത് പാർട്ടിക്ക് വലിയ ഗുണം ചെയ്യുകയും ചെയ്തു.
തിരുവമ്പാടി എം.എൽ.എയും ഡി.വൈ.എഫ്.ഐ ബ്ലോക്ക് ട്രഷറർ കൂടിയായ ലിന്റോ കൂടരഞ്ഞിയിലെ പാലക്കൽ ജോസഫിന്റേയും അന്നമ്മയുടേയും മകനാണ്. മുക്കം കച്ചേരി കുടുക്കേങ്ങൽ രാജന്റേയും ലതയുടേയും മകളാണ് വധു അനുഷ. മുക്കം കാർത്തിക കല്ല്യാണ മണ്ഡപത്തിൽ നടക്കുന്ന സുഹൃത് സത്കാരത്തിൽ സാമൂഹിക രാഷ്ട്രീയ രംഗത്തെ വിവിധ നേതാക്കൾ പങ്കെടുക്കും.