പത്തനംതിട്ട
അപൂർവ ശസ്ത്രക്രിയയിലൂടെ 32 കാരനായ ജസ്റ്റിന് കുറഞ്ഞത് 35 കിലോ. 240 കിലോയിൽ നിന്ന് 205 കിലോയായി കുറച്ചു. ഒരു വർഷത്തിനിടെ 110 കിലോയാക്കുകയാണ് ലക്ഷ്യമെന്ന് തിരുവല്ല ബിലീവേഴ്സ് ചർച്ച് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കോവിഡ് കാലത്തെ വർക്ക് അറ്റ് ഹോം സമയത്തെ അമിത ഭക്ഷണക്രമമാണ് അമിത വണ്ണത്തിന് കാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. ബംഗളൂരുവിൽ ഐടി മേഖലയിൽ ജോലിചെയ്യുന്ന ജസ്റ്റിൻ ആലപ്പുഴ ജില്ലയിലെ ചമ്പക്കുളം സ്വദേശിയാണ്. കോവിഡിനു മുമ്പ് 110 കിലോയായിരുന്നു. വർക്ക് അറ്റ് ഹോം സമയത്ത് ആഴ്ചയിൽ 50 ബർഗറും 10 ലിറ്റർ കൊക്കോകോളയുമാണ് ജസ്റ്റിൻ കഴിച്ചിരുന്നത്. ശ്വാസം മുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്നാണ് ഡോക്ടർമാരെ സമീപിച്ചത്.
ഏതാനും മാസങ്ങൾക്കകം ജോലിക്ക് പോകാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഡോക്ടർമാർ പറഞ്ഞു. ആശുപത്രി സിഇഒ ഡോ. ജോർജ് ചാണ്ടി, ഡോ. സുജിത്ത് ഫിലിപ്പ്, ഡോ. തോമസ് മാത്യു, ഡയറ്റീഷ്യൻ ജ്യോതി, ഡോ. ആഷു, തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.