തിരുവനന്തപുരം
കെഎസ്ആർടിസി ജീവനക്കാരുടെ പണിമുടക്കിൽ രണ്ടാംദിവസം സർവീസ് നടത്തിയത് മുന്നൂറിൽ താഴെമാത്രം. കൂടുതൽ കെഎസ്ആർടിസി ബസുള്ള തെക്കൻ ജില്ലകളിൽ യാത്രാക്ലേശം രൂക്ഷമായി.
ടിഡിഎഫ്, എഐടിയുസി സംഘടനകളാണ് ശനിയാഴ്ചയും പണിമുടക്ക് നടത്തിയത്. ശമ്പള പരിഷ്കരണം ആവശ്യപ്പെട്ടുള്ള കെഎസ്ആർടിഇഎ, ബിഎംഎസ് സംഘടനകളുടെ പണിമുടക്ക് വെള്ളിയാഴ്ചതന്നെ അവസാനിച്ചിരുന്നു.
സാവകാശം നൽകിയില്ലെന്ന വാദം തെറ്റ്:- – കെഎസ്ആർടിഇഎ
ശമ്പളപരിഷ്കരണത്തിൽ തീരുമാനമെടുക്കാൻ സാവകാശം അനുവദിച്ചില്ലെന്ന ഗതാഗതമന്ത്രിയുടെ വാദം തെറ്റാണെന്ന് കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) പ്രസ്താവനയിൽ പറഞ്ഞു. കെഎസ്ആർടിസിയിൽ ശമ്പളം പരിഷ്കരിച്ചിട്ട് 10 വർഷമായി.
ജൂണിൽ പരിഷ്കരിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചതുമാണ്. ജൂൺ 21ന് ഗതാഗതമന്ത്രി യൂണിയനുകളുടെ യോഗം വിളിച്ച് അവകാശപത്രിക ചർച്ചചെയ്യാൻ മാനേജ്മെന്റിനെ ചുമതലപ്പെടുത്തി. ചർച്ചയ്ക്ക് വിളിച്ചത് സെപ്തംബർ ഒമ്പതിനാണ്. സെപ്തംബർ 24നു മുമ്പ് രണ്ടു മൂന്ന് കാര്യത്തിലൊഴികെ തീരുമാനവുമെടുത്തു. 30നകം മാനേജ്മെന്റുതല ചർച്ച പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ചർച്ചയ്ക്ക് വിളിക്കാതെ വന്നപ്പോഴാണ് ഒക്ടോബർ 13ന് പണിമുടക്ക് നോട്ടീസ് നൽകിയത്. നാലിന് അർധരാത്രി തുടങ്ങുന്ന പണിമുടക്കിന് മൂന്നിനാണ് ഗതാഗതമന്ത്രി ചർച്ചയ്ക്ക് വിളിക്കുന്നത്. പിറ്റേദിവസംമുതൽ ശമ്പളം വർധിപ്പിക്കണമെന്ന് ഒരു യൂണിയനും ആവശ്യപ്പെട്ടില്ല. ശമ്പളസ്കെയിൽ തീരുമാനിക്കണമെന്നും അക്കാര്യത്തിൽ ഉറപ്പുണ്ടാകണമെന്നുമാണ് ആവശ്യപ്പെട്ടത്.
യൂണിയനുകൾ ആവശ്യപ്പെട്ട മാസ്റ്റർ സ്കെയിൽ അംഗീകരിച്ചാൽപ്പോലും 10 വർഷത്തിനുശേഷം നടക്കുന്ന ശമ്പളപരിഷ്കരണത്തിലെ മിനിമം വർധന കേവലം 5800 രൂപ മാത്രമാണെന്നും അസോസിയേഷൻ അറിയിച്ചു.