തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിലെ പ്രചാരണത്തിൽ മുൻ മന്ത്രി ജി. സുധാകരന് വീഴ്ച വരുത്തിയെന്ന് അന്വേഷണ റിപ്പോർട്ട് സിപിഎം സംസ്ഥാന സമിതിയിൽ അവതരിപ്പിച്ചു. അമ്പലപ്പുഴയിലെ ഇടത് സ്ഥാനാർഥിയായിരുന്ന എച്ച്. സലാമിന്റെ വിജയം ഉറപ്പിക്കുന്നതിനാവശ്യമായ പ്രചാരണം നടത്തുന്നതിൽ സുധാകരന് വീഴ്ച വന്നുവെന്നാണ് അന്വേഷണ കമ്മീഷന്റെ കണ്ടെത്തൽ. അതേസമയം വീഴ്ച വരുത്തിയ സുധാകരനെതിരെ ഏത് രീതിയിലുള്ള നടപടി വേണമെന്ന ശുപാർശ റിപ്പോർട്ടിൽ ഇല്ല.
സംസ്ഥാന സെക്രട്ടറിയേറ്റ് ചർച്ചചെയ്ത ശേഷമാകും ഏത് രീതിയിലുള്ള നടപടിയാകും സുധാകരനെതിരെ സ്വീകരിക്കേണ്ടതെന്ന് തീരുമാനിക്കുക. ഇന്ന് വൈകീട്ട് സംസ്ഥാന സെക്രട്ടറിയേറ്റ് ചേരുന്നുണ്ട്.
ജൂലായിൽ നടന്ന സിപിഎം തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ പേരെടുത്ത് പരാമർശിക്കുന്ന ഏക നേതാവ് ജി. സുധാകരനാണ്. ആലപ്പുഴയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സുധാകരന്റെ ഭാഗത്തുനിന്ന് ചില വീഴ്ചകളുണ്ടായി. ഇടത് സ്ഥാനാർഥിയുടെ വിജയത്തിനാവശ്യമായ നടപടികളല്ല അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും സിപിഎം സംസ്ഥാന സമിതി അംഗീകരിച്ച അവലോകന റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഈ സാഹചര്യത്തിൽ സുധാകരനെതിരെ ഏതെങ്കിലും തരത്തിലുള്ള നടപടി ഉറപ്പാണ്. എളമരം കരീം, കെ.ജെ. തോമസ് എന്നിവരാണ് സുധാകരനെതിരെ ഉയർന്ന ആരോപണങ്ങൾ അന്വേഷിച്ച പാർട്ടി കമ്മീഷൻ അംഗങ്ങൾ.