ജാതി ഉച്ചനീചത്വങ്ങളെയും അതിന്പുറത്തുള്ള അക്രമങ്ങളെയും വിഷയമാക്കി പുറത്തുവന്ന പുതിയ സിനിമയാണ് ”ജയ് ഭീം”. തമിഴ്നാട്ടില്‍ 1993 ല്‍ നടന്ന യാഥാര്‍ത്ഥസംഭവങ്ങളെ ആസ്പദമാക്കി ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത ചിത്രം ഈ അതിതിക്രമങ്ങളെ എല്ലാ തീക്ഷണതയോടെയും തുറന്നുകാണിക്കുന്നുണ്ട്. നീചമായ ഇത്തരം പൈശാചികതകള്‍ക്കെതിരെ ഉയര്‍ന്നുവന്ന ഐതിഹാസികമായ ജനകീയ സമരമാണ് സിനിമയുടെ പ്രധാന പ്രതിപാദ്യ വിഷയം. ഇത്തരം പ്രസക്തമായ രാഷ്ട്രീയ സന്ദര്‍ഭങ്ങളെ പ്രകടമായി തന്നെ അവതരിപ്പിച്ച ”ജയ് ഭീം” ന് വേണ്ട ശ്രദ്ധ ലഭിച്ചുവോയെന്ന് സംശയമാണ്. ഇത് പരിശോധിക്കപ്പെടേണ്ടതുണ്ടെന്ന് തോന്നുന്നു.
ഇരുള വിഭാഗത്തില്‍ പെട്ട ആദിവാസി യുവാവ് രാജാക്കണ്ണ് കള്ളക്കേസില്‍ അറസ്റ്റിലാവുന്നതും, പോലീസ് പീഡനമേറ്റ് കൊല്ലപ്പെടുന്നതും, ഈ സത്യം വെളിച്ചത്തു കൊണ്ടുവരാന്‍ അയാളുടെ ഭാര്യ സെന്‍കെനി നടത്തുന്ന നിയമയുദ്ധവുമാണല്ലോ സിനിമയുടെ കാതല്‍. നീതിക്കായുള്ള അവരുടെ പോരാട്ടത്തിന് കോടതിക്ക് പുറത്ത് പിന്തുണയുമായെത്തുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഇതിലുണ്ട്. സെന്‍കെനിയുടെ കേസ് ഏറ്റെടുത്തു വാദിക്കുന്നത് ചന്ദ്രുവെന്ന അഭിഭാഷകനാണ്. യഥാര്‍ത്ഥ ജീവിതത്തില്‍ പല ചരിത്രപ്രാധാന്യമുള്ള വിധിപ്രസ്താവങ്ങള്‍ നടത്തിയ ജഡ്ജി വരെയായി തീര്‍ന്ന ജസ്റ്റിസ് ചന്ദ്രുവിന്റെ കൂടെ കഥയാണ് ”ജയ് ഭീം”. ആ അര്‍ത്ഥത്തില്‍ ഒരുപാട് സാമൂഹിക, രാഷ്ട്രീയ, ഭൂമിശാസ്ത്ര ചുറ്റുപാടുകളെയും മനുഷ്യരെയും ചിത്രം കാണിക്കുന്നുണ്ട്.
ഇത്തരമൊരു സങ്കീര്‍ണ പശ്ചാത്തലത്തെ തുറന്നുകാണിക്കുകയെന്നത് തന്നെ മുഖ്യധാരാ സിനിമയില്‍ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണല്ലോ. നൂറ്റാണ്ടുകളായി തുടര്‍ന്നുപോരുന്ന മനുഷ്യത്വ രഹിതമായ ജാതി ഉച്ചനീചത്വങ്ങളെ കൃത്യമായി സിനിമ അടയാളപ്പെടുത്തുന്നുണ്ട്. ജീവിക്കാനൊരു തുണ്ടുഭൂമിയില്ലാതെ, അടിസ്ഥാന സൗകര്യങ്ങള്‍ ലഭിക്കാതെ, ഭൂവുടമകളുടെ നിലത്തിലും മറ്റും അടിമവേല ചെയ്യുന്ന ഇരുളരാണ് പടത്തിന്റെ കേന്ദ്രബിന്ദു. ഇവരെ കള്ളക്കേസില്‍ കുടുക്കാനും, എണ്ണം തികയ്ക്കാന്‍ ജയിലുകളില്‍ നിന്ന് ജയിലുകളിലേക്ക് മാറ്റാനും, ഹീനമായ പീഡനമുറകള്‍ അഴിച്ചുവിടാനും ശ്രമിക്കുന്ന പോലീസ് മറ്റൊരു സാന്നിദ്ധ്യമാണ്. അത്തരം കൃത്യങ്ങളെ മൂടിവെക്കാന്‍ പരിശ്രമിക്കുന്ന സംസ്ഥാന ഭരണ നേതൃത്വത്തെയും ”ജയ് ഭീം” ല്‍ കാണാം.
ഈ പൈശാചിക യാഥാര്‍ഥ്യങ്ങളെ ഒരു മറയുമില്ലാതെയാണ് സിനിമ അവതരിപ്പിക്കുന്നത്. അതിനെതിരായി ഉയര്‍ന്നു വരുന്ന പ്രതിഷേധങ്ങളെയും കൃത്യമായി തന്നെ അടയാളപ്പെടുത്തുന്നുണ്ട്. കോടതിക്കകത്ത് അഡ്വക്കറ്റ് ചന്ദ്രു നടത്തുന്ന നിയമ നീക്കങ്ങളില്‍ അതിനാടകീയതയുടെ അംശങ്ങളില്ല. കോടതി വ്യവഹാരങ്ങളില്‍ തുടര്‍ന്നുപോരുന്ന നടപടിക്രമങ്ങളെയും അതിന്റെ നൂലാമാലകളെയും സുവ്യക്തമായി കാണിച്ചിരിക്കുന്നു. കോടതിക്ക് പുറത്തെ പ്രതിഷേധങ്ങളാകട്ടെ ജനാധിപത്യ വ്യവസ്ഥക്കകത്ത് നടന്നുപോരുന്ന സമരമാര്‍ഗങ്ങളെന്ന നിലക്ക് മാത്രമേ ചിത്രീകരിച്ചിട്ടുള്ളു. അതിനാടകീയവും സാഹസികവുമായ സംഘട്ടനങ്ങളോ, ഗ്വാ ഗ്വാ വിളികളോ, തട്ടുപൊളിപ്പന്‍ സംഭാഷണങ്ങളോ സിനിമയില്‍ എവിടെയുമില്ല.
മുഖ്യധാരാ സിനിമയുടെ മറ്റൊരു പ്രധാന വശമാണല്ലോ നായകകേന്ദ്രിത ആഖ്യാനം. നായകന്റെ വ്യക്തിഗുണങ്ങളിലും മേന്മകളെയും പെരുപ്പിച്ചു കാണിച്ച് അതിമാനുഷികമായ വീരപരിവേഷമുണ്ടാക്കുന്ന ഈ രീതി ”ജയ് ഭീം”ല്‍ ഒട്ടുമില്ലെന്ന് കാണാം. തമിഴ് സിനിമയിലെ മുന്‍നിര താരങ്ങളിലൊരാളായ സൂര്യ നിര്‍മിച്ചു പ്രധാന കഥാപാത്രമായെത്തുന്ന സിനിമയാണിത്. അദ്ദേഹത്തിന്റെ താരപരിവേഷത്തെ നാടകീയ രംഗങ്ങളിലൂടെ പൊലിപ്പിച്ച് കാണിക്കാന്‍ ചിത്രം മുതിരുന്നില്ലയെന്നത് പ്രശംസനീയമാണ്.
സിനിമയില്‍ കഥാപാത്രങ്ങള്‍ക്കെല്ലാം വ്യക്തമായ ഇടവും മനഃശാസ്ത്രവും കല്പിച്ചു നല്‍കിയിട്ടുമുണ്ട്. വില്ല സ്വഭാവമുള്ള കഥാപാത്രങ്ങളുടെ ചിത്രീകരണം ഇത് തെളിയിക്കുന്നുണ്ട്.. ജാതിയെന്ന സാമൂഹിക, ചൂഷണ, മര്‍ദ്ദന വ്യവസ്ഥക്കകത്ത് പ്രവര്‍ത്തിക്കുന്നവരാണ് ഇതിലെ പൊലീസുകാര്‍. അവര്‍ക്ക് ഉത്തരവ് നല്കുന്ന ഉന്നതാധികാരികളും ഫ്യൂഡല്‍ ഭൂവുടമകളും ഇതേ സാമൂഹ്യക്രമത്തിന്റെ വിവിധ തലങ്ങളിലെ പ്രതിനിധികളുമാണ്. നായകന്-വില്ലന്‍ ദ്വന്ദത്തില്‍ സിനിമകള്‍ കണ്ടുശീലിച്ച കാഴ്ചക്കാര്‍ക്ക് വ്യക്തിയെ പഴി ചാരാതെ വ്യവസ്ഥയിലേക്ക് നോക്കാന്‍ പ്രേരിപ്പിക്കുന്ന ഈ ആഖ്യാനം ഒരു പുതുമയായിരിക്കും.
ഒരു ത്രില്ലര്‍ സിനിമയ്ക്കു വേണ്ട ഉദ്വെഗഭരിതമായ ആഖ്യാനശൈലിയാണ് സിനിമയുടേത്. ഒരുപാട് കഥാപാത്രങ്ങളും, സാമൂഹിക, രാഷ്ട്രീയ ചുറ്റുപാടുകളും, അതിനകത്തെ ചൂഷണങ്ങളും പ്രതിഷേധങ്ങളുമെല്ലാമടങ്ങിയ വലിയൊരു ചരിത്ര സന്ദര്‍ഭത്തെ ഒപ്പിയെടുക്കാന്‍ ഈ ചടുലത സഹായിക്കുന്നുണ്ട്. കഥാഗതിക്കനുസരിച് ഒരുപാട് ഭൂപ്രകൃതികളും അവിടത്തെ മനുഷ്യജീവിതവും ഒരു സാമൂഹ്യ ശാസ്ത്രജ്ഞന്റെ കൂലങ്കഷതയോടെയാണ് സംവിധായകന് ചിത്രീകരിക്കുന്നത്. എന്നാലോ ഇതുമൂലം ആഖ്യാനഭാഷക്കൊരു താളഭംഗവും വന്നുചേരുന്നില്ല. ഇതോടൊത്തിണങ്ങി പോകുന്ന ദൃശ്യക്രമവും സിനിമക്കുണ്ട്. സുന്ദരമായ ഒരുപാടു ഷോട്ടുകള്‍ ആഖ്യാനത്തിന്റെ ഗൗരവം ചോര്‍ത്താതെ ഭാവനാത്മകമായി ഒത്തിണക്കിയ മിടുക്ക് എടുത്തുപറയേണ്ടിയിരിക്കുന്നു. എഡിറ്റിംഗിലും നല്ല ചടുലത കാണാം. മുന്‍കാലത്തെ കഥ പറയുന്നതിനാല്‍ ”ചരിത്ര” (vintage) ഭാവം സിനിമയുടെ ഓരോ വിശദാംശത്തിലും മൊത്തം ഭാവത്തിലും- കളറിങ്, ലൈറ്റിംഗ്, രംഗ സംവിധാനം (mise en scene)- ദൃശ്യമാണ്.
ഇതുപോലെയുള്ള ഗൗരവമുള്ള രാഷ്ട്രീയ വിഷയങ്ങളെ പ്രത്യക്ഷമായി തന്നെ ആവിഷ്കരിക്കുന്ന മുഖ്യധാരാ സിനിമാശ്രമങ്ങള്‍ക്ക് നല്ല സ്വീകാര്യത വന്ന കാലമാണിത്. അങ്ങനെയുണ്ടായി വന്ന പല സിനിമകളെയും നമ്മള് വിപുലമായ ചര്‍ച്ചകള്‍ക്ക് വിധേയമാക്കിയിട്ടുമുണ്ട്. കമ്മട്ടിപ്പാടം (2016), കബാലി (2016), കാല (2018), പരിയേറും പെരുമാള്‍ (2018), അസുരന് (2019), കര്ണന് (2021) ഇങ്ങനെ ഒരുപാട് സിനിമകള്‍ക്കുണ്ടായ വിസിബിലിറ്റി ഈ പുതിയ പ്രവണതയുടെ ഭാഗമാണ്. . എന്നാല്‍ മേല്പറഞ്ഞ ഒരുപാട് സവിശേഷതകളുള്ള ”ജയ് ഭീം” എന്തുകൊണ്ടാണ് ഇത്തരത്തില്‍ ആഘോഷിക്കപ്പെടാത്തത്?
പ്രതീകാത്മകമായ സ്വത്വബോധത്തിന്റെ ഊന്നലാണ് (symbolic identity assertion)യാണ് ആദ്യം പറഞ്ഞ സിനിമകളുടെ രാഷ്ട്രീയാധാരമെന്ന് കാണാം. കലാസൃഷ്ടിക്കകത്ത് ഈ പ്രതീകാത്മകത ഒരു മോശം കാര്യമല്ല. അത് കലയുടെ പല മാനങ്ങളിലൊന്നായ വൈകാരികവും നാടകീയവുമായ മാനസിക ഐക്യദാര്‍ഢ്യത്തിന് (cognitive effect) നിങ്ങളെ പ്രേരിപ്പിക്കും, ചിലപ്പോഴെങ്കിലും ആത്മപരിശോധനക്ക് വിധേയമാക്കും. ഒരു കീഴാള (സ്വത്വം) സമുദായം അനുഭവിക്കുന്ന അരികുവല്ക്കരണത്തോടും മര്‍ദ്ദനങ്ങളോടും തോന്നേണ്ട വൈകാരിക ഇഴയടുപ്പം സൃഷ്ടിക്കാനാണ് മേല്പറഞ്ഞ ആദ്യ കൂട്ടം സിനിമകള്‍ ശ്രമിക്കുന്നത്.
”ജയ് ഭീം” കേവലമായ സ്വത്വ പ്രകാശനത്തിന്റെ സാഹസികതകളെയോ, നായകന്റെ ഒറ്റയാള്‍ പോരാട്ടങ്ങളെയോ ഊന്നിയുള്ള ജൈത്രയാത്രയല്ല. മറിച്ചു സംഘടിത ജനത നടത്തുന്ന ജനകീയ സമരങ്ങളുടേതാണ്. വര്‍ഗബോധത്തിലൂന്നിയ ഈ സംഘാടനത്തിന്റെ മുഷിപ്പും അതിന്റെ ചെറിയ വിജയങ്ങളുടെ ആഹ്ളാദവുമാണ് അത് കാണിച്ചു തരുന്നത്. കേവല സ്വത്വത്തിലൂന്നിയ നാടകീയാഖ്യാനമല്ലാത്തതിനാലായിരിക്കണം ഇതേ വിഷയം കൈകാര്യം ചെയ്ത മറ്റു സിനിമകള്‍ക്ക് ലഭിച്ച സ്വീകാര്യത ”ജയ് ഭീം” നു ലഭിക്കാഞ്ഞത്. സിനിമയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സാന്നിധ്യം മറ്റൊരു കാരണമായിരിക്കാം. ആ അര്‍ത്ഥത്തില്‍ വൈകാരികമായ ഐക്യദാര്‍ഢ്യം കാഴ്ചക്കാരില്‍ നിര്‍മിക്കുന്നതോ പ്രതീകാത്മകമായ സ്വത്വബോധത്തിന്റെ പ്രകാശനത്തിലോ ഒതുങ്ങുന്ന നാടകീയ മുഹൂര്‍ത്തങ്ങളല്ല യഥാര്‍ത്ഥ ജനകീയ സമരങ്ങളെന്ന ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ഈ ധീരമായ സിനിമ.