ഭൂമിയിടപാടിലെ അന്വേഷണ റിപ്പോർട്ട് അസി. ലാൻഡ് റവന്യൂ കമ്മീഷണറാണ് ഹൈക്കോടതിയിൽ സമർപ്പിച്ചത്. 2007 സെപ്റ്റംബർ 21ന് ബ്രദേഴ്സ് ഓഫ് റോമൻ കാത്തലിക് കമ്യൂണിറ്റിയുമായി ധനനിശ്ചയാധാര പ്രകാരം നടത്തിയ ഭൂമിയിടപാടിൽ പുറമ്പോക്ക് – സർക്കാർ ഭൂമി ഉൾപ്പെട്ടിട്ടുണ്ടോ എന്ന് വിശദമായി അന്വേഷിക്കാൻ നിർദേശം നൽകിയിരുന്നു. ഇതോടെ ലാൻഡ് റവന്യൂ അസിസ്റ്റൻ്റ് കമ്മീഷണർ പി ബീനയുടെ നേതൃത്വത്തിൽ ഏഴംഗ കമ്മിറ്റി രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് സഭയുടെ ഭൂമി കൈമാറ്റത്തിൽ സർക്കാർ ഭൂമി ഉൾപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കുന്നത്. ഈ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു. റിപ്പോർട്ട് വേഗം നൽകണമെന്ന് ഹൈക്കോടതി അറിയിച്ചിരുന്നു.
ഭൂമി വിൽപ്പന നടത്തിയതുമായി ബന്ധപ്പെട്ട എല്ലാവിധ രേഖകൾ പരിശോധിച്ച കമ്മീഷൻ സ്ഥലത്തെതി പരിശേധന നടത്തുകയും ചെയ്ത ശേഷമാണ് റിപ്പോർട്ട് തയ്യാറാക്കി സമർപ്പിച്ചത്. സഭാ നടത്തിയ ഭൂമിയിടപാടിൽ സർക്കാർ ഭൂമി ഉണ്ടോ എന്നതാണ് പ്രധാനമായും അന്വേഷിച്ചത്. തണ്ടപ്പേരു തിരുത്തിയോ എന്നും പരിശോധിച്ചു. ഈ ഇടപാടിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് പങ്കുള്ളതായുള്ള ആരോപണത്തിലും അന്വേഷണം നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
എറണാകുളം അങ്കമാലി അതിരൂപതയുടെ ഉടമസ്ഥതയിലുള്ള കാക്കനടുള്ള 60 സെൻ്റ് ഭൂമി വിൽപ്പന നടത്തിയതിലൂടെ സഭയ്ക്ക് ലക്ഷണങ്ങളുടെ നഷ്ടം ഉണ്ടായെന്നും സഭയുടെ വിവിധ സമിതികളിൽ ആലോചിക്കാതെയാണ് ഭൂമി ഇടപാട് നടത്തിയതെന്നുമാണ് കേസ്. വിവാദ ഭൂമിയിടപാടിൽ തനിക്കെതിരായ എട്ട് കേസുകളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് കർദിനാൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ വിചാരണ നേരിടണമെന്ന നിലപാടാണ് ഹൈക്കോടതിയുടെ ഭാഗത്ത് നിന്നുമുണ്ടായത്. കേസിൽ വിദഗ്ധ സമിതി അന്വേഷണം നടത്തണമെന്നും ഹൈക്കോടതി നിർദേശം നൽകിയിരുന്നു.
അതേ സമയം സഭ ഭൂമി വിൽപ്പനയിലെ കള്ളപ്പണ ഇടപാടിൽ ഇഡി കേസ് എടുത്ത് അന്വേഷണം പുരോഗമിക്കുകയാണ് . കേസിൽ ഉൾപ്പെടെ 24 പേരാണ് പ്രതികളായുള്ളത്. ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ഇടനിലക്കാരും ഭൂമി വാങ്ങിയവരും പ്രതിപ്പട്ടികയിലുണ്ട്. കേസ് അന്വേഷണത്തിൻ്റെ ഭാഗമായി ഭൂമിയിടപാടിലെ ഇടനിലക്കാർക്ക് ഇ.ഡി നോട്ടീസ് കൈമാറിയിരുന്നു. ആധാരത്തിൽ കാണിച്ച തുകയേക്കാൾ വലിയ ഭൂമിയിടപാടാണ് നടന്നതെന്നാണ് ഇ.ഡി വ്യക്തമാകുന്നത്. നികുതി വെട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് 6.5 കോടി രൂപ പിഴയായി ഈടാക്കണമെന്ന നിർദേശം ആദായ നികുതി വകുപ്പ് സഭയ്ക്ക് നൽകിയിരുന്നു.
സഭയുടെ ഉടമസ്ഥതയിലുള്ള ഭൂമി വിറ്റതുമായി ബന്ധപ്പെട്ട് അതിരൂപതയ്ക്ക് കോടികളുടെ നഷ്ടം സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശിയായ പാപ്പച്ചൻ നല്കിയ ഹര്‍ജി പരിഗണിച്ചായിരുന്നു കോടതി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയടക്കമുള്ളവരെക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ടത്. കോടതി ഉത്തരവ് പ്രകാരം എറണാകുളം സെൻട്രൽ പോലീസാണ് കേസെടുത്തത്.