കൊച്ചി
സിറോ മലബാർസഭ വിറ്റ വാഴക്കാല വില്ലേജിലെ ഭൂമി സഭയുടേതുതന്നെയെന്ന് റവന്യു വകുപ്പിന്റെ റിപ്പോർട്ട്. ഇതിൽ സർക്കാർഭൂമിയോ, പുറമ്പോക്കാ ഇല്ലെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരായ ഭൂമി ഇടപാട് കേസിൽ സഭ വിറ്റതിൽ സർക്കാർഭൂമിയോ പുറമ്പോക്ക് ഭൂമിയോ ഉണ്ടോയെന്നും വിൽപ്പനയിൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കാനായിരുന്നു കോടതിയുടെ നിർദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് ലാൻഡ് റിഫോംസ് അസിസ്റ്റന്റ് കമീഷണർ ബീന പി ആനന്ദ് റിപ്പോർട്ട് സമർപ്പിച്ചത്.
അടിസ്ഥാന ഭൂനികുതി രജിസ്റ്റർ, ഫീൽഡ് രജിസ്റ്റർ, റീസർവേ രേഖ, ഉടമസ്ഥാവകാശരേഖ, ധനനിശ്ചയാധാരം എന്നിവ പരിശോധിച്ചെന്നും തെളിവെടുപ്പ് നടത്തിയെന്നും ഭൂമി സഭയ്ക്ക് കൈമാറി കിട്ടിയിട്ടുള്ളതാണന്നും റിപ്പോർട്ടിൽ പറയുന്നു. റോസ്മേരി എന്നയാളുടെ ഭൂമി ‘സിസ്റ്റേഴ്സ് ഓഫ് ഡെസ്റ്റിറ്റ്യൂട്ട്സി’ന് സിദ്ധിച്ചിട്ടുള്ളതാണെന്നും ഉടമസ്ഥാവകാശവും ധനനിശ്ചയാധാരവും ഉണ്ടെന്നും സർക്കാർ വ്യക്തമാക്കി.
ഭൂമിവിൽപ്പനയിൽ ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടി ഏതാനും രൂപതാംഗങ്ങൾ മജിസ്ട്രേട്ട് കോടതികളിൽ സമർപ്പിച്ച കേസുകൾ റദ്ദാക്കണമെന്ന മാർ ജോർജ് ആലഞ്ചേരിയുടെ ഹർജി തള്ളിയാണ് ഹൈക്കോടതി അന്വേഷണത്തിന് നിർദേശിച്ചത്.