വാഷിങ്ടണ്‍
ചൈന ആണവായുധശേഷി വർധിപ്പിക്കുകയാണെന്ന് ആരോപിച്ച് പെന്റഗണ്‍. രണ്ടായിരത്തി ഇരുപത്തേഴോടെ 700 ആണവപോര്‍മുനയും രണ്ടായിരത്തി മുപ്പതോടെ 1000 പോര്‍മുനയും ചൈന സ്വന്തമാക്കുമെന്നും, 21––ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ അമേരിക്കയുടെ ശക്തിയെ മറികടക്കാനാണ് ലക്ഷ്യമിടുന്നതെന്നും യുഎസ് പ്രതിരോധ വകുപ്പിന്റെ റിപ്പോർട്ടില്‍ ആരോപിക്കുന്നു. നിലവിൽ അമേരിക്കയുടെ ശേഖരത്തിൽ 3750 ആണവ പോർമുനയുണ്ട്.
ഇന്ത്യയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തിനിടെ പശ്ചിമ ഹിമാലയത്തിലെ ചില ഉള്‍പ്രദേശങ്ങളില്‍ ചൈന ഒപ്റ്റിക് ഫൈബര്‍ ശൃംഖല സ്ഥാപിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യഥാര്‍ഥ നിയന്ത്രണരേഖയ്ക്കു സമീപം അരുണാചല്‍പ്രദേശില്‍ ചൈനീസ് ഗ്രാമത്തിന്റെ സാന്നിധ്യമുണ്ടെന്നും അവകാശപ്പെട്ടു.
പ്രതിരോധിച്ച് ചൈന
പെന്റഗണിന്റെ റിപ്പോർട്ട് സമാനമായ മുൻകാല റിപ്പോർട്ടുകൾപോലെ, വസ്തുതകൾ അവഗണിക്കുന്നതും മുൻവിധി നിറഞ്ഞതുമാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് വാങ് വെൻബിൻ പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ ആണവശേഷിയുടെ ഉറവിടം അമേരിക്ക ആണെന്നിരിക്കെ ഈ പട്ടം ചൈനയ്ക്ക് മേല്‍ കെട്ടിവയ്ക്കാനാണ് ശ്രമമെന്നും വെൻബിൻ പറഞ്ഞു.