തിരുവനന്തപുരം> കോവിഡ് കാലത്ത് ജനങ്ങളെ ബുദ്ധിമുട്ടിക്കുംവിധമുള്ള കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്കിന് ഒരു ന്യായീകരണവുമില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കെഎസ്ആര്‍ടിസിയെ അവശ്യ സര്‍വീസായി പരിഗണിക്കുന്നത് സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
കോവിഡ് കാലത്ത് ജീവനക്കാര്‍ ഒരു ജോലിയും ചെയ്യാതിരുന്ന സമയത്തും ശമ്പളവും പെന്‍ഷനും മുടങ്ങാതെ നല്കിയ സര്‍ക്കാരാണിത്. ശമ്പളം നല്കാന് സര്‍ക്കാര്‍ എല്ലാ മാസവും 80 കോടി രൂപ നല്‍കുകയാണ്. 30 കോടി രൂപ അധിക ബാധ്യത വരുന്ന നിര്‍ദ്ദേശമാണ് ട്രേഡ് യൂണിയനുകള്‍ മുന്നോട്ടുവച്ചത്. ഇത് പരിശോധിക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു.
ഇത് അംഗീകരിക്കാതെ സര്‍ക്കാരിനെ മുള്‍മുനയില്‍നിര്‍ത്തി പണിമുടക്ക് നടത്തിയത് ശരിയല്ല. ജീവനക്കാരും മാനേജ്മെന്റും തമ്മിലുള്ള തര്‍ക്കത്തില്‍ യാത്രക്കാര്‍ എന്തുപിഴച്ചെന്നും മന്ത്രി ചോദിച്ചു.