നിലവിൽ നടക്കുന്നത് വർഷങ്ങളായി തുടരുന്ന നടപടികൾ തന്നെയാണ്. ബേബി ഡാമിന് താഴെ മൂന്ന് മരങ്ങളുണ്ട്. അവ നീക്കം ചെയ്താൽ മാത്രമേ ഡാം ബലപ്പെടുത്താൻ സാധിക്കൂ. മരം മുറിച്ച് നീക്കുന്നതുമായി ബന്ധപ്പെട്ട് കേരള സർക്കാരുമായി സംസാരിച്ചിരുന്നു. എന്നാൽ വനം വകുപ്പുമായി സംസാരിക്കണമെന്ന മറുപടിയാണ് ലഭിച്ചത്. റിസർവ് ഫോറസ്റ്റിനോട് ചോദിക്കണമെന്ന മറുപടിയാണ് വനം വകുപ്പ് നൽകുന്നത്. ഈ തടസങ്ങൾ നീങ്ങിയാൽ ബേബി ഡാം ഉടൻ തന്നെ പുതുക്കും. ബലപ്പെടുത്തൽ പൂർത്തിയായാൽ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയായി ഉയർത്തുമെന്നും ദുരൈ മുരുകൻ വ്യക്തമാക്കി.
ബേബി ഡാമിന് താഴെയായുള്ള മരങ്ങൾ മുറിക്കാൻ സാധിക്കാത്തതിനാലാണ് ബേബി ഡാം ബലപ്പെടുത്താൻ കഴിയാത്ത സാഹചര്യമുണ്ടായത്. റൂൾ കർവ് അനുസരിച്ചാണ് നിലവിൽ അണക്കെട്ടിൽ നിന്നും വെള്ളം തുറന്ന് വിടുന്നത്. അണക്കെട്ടിൻ്റെ ഉടമസ്ഥതയെ സംബന്ധിച്ച തർക്കത്തിന് പ്രസക്തിയില്ലെന്നും ദുരൈ മുരുകൻ പറഞ്ഞു.
മുല്ലപ്പെരിയാർ വിഷയത്തിൽ ഒ പനീർ ശെൽവവും എടപ്പാടി പളനി സാമിയും സംസാരിക്കുന്നത് യാതൊരു തരത്തിലുമുള്ള ധാർമ്മികതയും ഇല്ലാതെയാണ്. കഴിഞ്ഞ പത്ത് വർഷക്കാലത്തേക്ക് ഒരു മന്ത്രി പോലും മുല്ലപ്പെരിയാർ വിഷറ്യത്തിൽ വന്ന് പരിശോധന നടത്തിയിട്ടില്ലെന്നും തമിഴ്നാട് ജലവിഭവ വകുപ്പ് മന്ത്രി എസ് ദുരൈ മുരുകൻ പറഞ്ഞു. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇന്നലെ എട്ട് ഷട്ടറുകള്‍ തുറന്ന സാഹചര്യത്തിലാണ് തമിഴ്നാട് മന്ത്രിമാരുടെ സന്ദര്‍ശനം ഉണ്ടായത്. എന്നാൽ, എട്ട് ഷട്ടറുകളും ഉയര്‍ത്തിയതോടെ ജലനിരപ്പിൽ കുറവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം അണക്കെട്ടിലെ ജലനിരപ്പ് 138.80 അടിയായി ഉയര്‍ന്നിരുന്നു.