തിരുവനന്തപുരം: ഇ- മൊബിലിറ്റി പദ്ധതി നടപ്പിലാക്കാനുള്ള സർക്കാർ നീക്കത്തിനെതിരേ ഹരിപ്പാട് എം.എൽ.എ. രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി. പദ്ധതിയുടെ കൺസൾട്ടന്റായ, കരിമ്പട്ടികയിൽപ്പെട്ട വിവാദ കമ്പനി പ്രൈസ്വാട്ടർ ഹൗസ് കൂപ്പഴ്സുമായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ച ദുരൂഹത വർധിപ്പിക്കുന്നുവെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി.
അഴിമതി നടത്തുന്നതിനാണ് ഈ പദ്ധതി വീണ്ടും പൊടിതട്ടിയെടുത്തിരിക്കുന്നതെന്ന് ചെന്നിത്തല ആരോപിച്ചു. ചട്ടങ്ങളും മാനദണ്ഡങ്ങളുമെല്ലാം കാറ്റിൽ പറത്തിയുള്ള നീക്കമാണ് നടത്തുന്നത്. ഹെസ്സ് എന്ന വിദേശ കമ്പനിയെ വഴിവിട്ട് സഹായിക്കാനും കമ്മീഷനടിക്കുന്നതിനുമുള്ള പദ്ധതിയാണിത്. പ്രതിപക്ഷം അഴിമതി കണ്ടുപിടിച്ചതിനെത്തുടർന്ന് ഉപേക്ഷിച്ചു എന്ന ആശ്വാസത്തിൽ പൊതുജനം ഇരിക്കുമ്പോഴാണ് ആ പദ്ധതി വീണ്ടും പൊടിതട്ടിയെടുക്കുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ നടന്ന് ചർച്ചയുടെ മിനുട്സ്പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട ചെന്നിത്തല പദ്ധതി സംബന്ധിച്ച ഒൻപത് ചോദ്യങ്ങളും ഉന്നയിച്ചു.
കത്തിൽ ചെന്നിത്തല ഉന്നയിച്ച ചോദ്യങ്ങൾ
1. ഏത് നടപടിക്രമങ്ങൾ അനുവർത്തിച്ചാണ് ഹെസ് എന്ന കമ്പനിയെ ഇ-ബസ് നിർമാണത്തിനായി സർക്കാർ തിരഞ്ഞെടുത്തത്?
2. ആരാണ് പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് എന്ന കമ്പനിയെ ഇതിനായി കൺസൾട്ടന്റായി തിരഞ്ഞെടുത്ത്. എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ ഇതിനായി തിരഞ്ഞെടുത്തത്?
3. ഹെസ് എന്ന കമ്പനിയെ മാത്രം മുൻനിർത്തി ഇങ്ങനെ ഒരു ജോയിന്റ് വെഞ്ച്വർ നിർമിക്കുന്നതിനും ധാരണാപത്രത്തിൽ ഏർപ്പെടുന്നതിനും സർക്കാർ തീരുമാനമെടുത്തത് ഏത് മാനദണ്ഡത്തിന്റേയും ചട്ടങ്ങളുടേയും അടിസ്ഥാനത്തിലാണ്.ആരാണ് ഇതിന് മുൻകൈ എടുത്തത്?
4. ഈ പദ്ധതിയുടെ ഭാഗമായി നിർമിക്കപ്പെടുന്ന 3000 ബസുകളുടെ വില എന്ത് അടിസ്ഥാനത്തിലാണ് തീരുമാനിച്ചിട്ടുള്ളത്?
5. ജോയിന്റ് വെഞ്ച്വറിൽ സ്വകാര്യ കമ്പനിയായ ഹെസ്സിന് 51 ശതമാനം ഓഹരിയും സർക്കാരിന് 49 ശതമാനം ഓഹരിയും എന്ന അനുപാതം എപ്രകാരമാണ് / ഏത് അടിസ്ഥാനത്തിലാണ് നിശ്ചയിച്ചത്?
6. 6000 കോടി രൂപ മുതൽമുടക്ക് കണക്കാക്കുന്ന ഈ പദ്ധതിക്ക് എന്തുകൊണ്ടാണ് ആഗോള ടെൻഡർ ക്ഷണിക്കാതിരുന്നത്?
7. ചീഫ് സെക്രട്ടറിയുടെ ധനകാര്യവകുപ്പും ഉന്നയിച്ച തടസ്സവാദങ്ങളെ മറികടന്ന് പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിനെ വിശദമായ പദ്ധതി രേഖ തയ്യാറാക്കാൻ ചുമതലപ്പെടുത്തിയത് എന്ത് കാരണത്തിന്റെ അടിസ്ഥാനത്തിലാണ്?
8. ഡീറ്റയിൽഡ് പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് പ്രൈസ്വാട്ടർ ഹൗസ്കൂപ്പേഴ്സുമായുളള ചീഫ് സെക്രട്ടറിതല മീറ്റിങ്ങിൽ ഹെസ് കമ്പനിയുടെ പ്രതിനിധികൾ പങ്കെടുത്തത് ഈ ക്രമക്കേടുകളുടെ ഏറ്റവും വലിയ തെളിവല്ലേ?
9. കരാർകമ്പനിയെ മുൻകൂട്ടി നിശ്ചയിച്ച് പദ്ധതിയുടെ പ്രായോഗിക പഠനത്തിനായി പ്രൈസ്വാട്ടർ ഹൗസ്കൂപ്പേഴ്സിനെ നിയോഗിച്ചത് നിലവിലുള്ള ഏത് ചട്ടങ്ങളുടേയും, മാനദണ്ഡങ്ങളുടേയും അടിസ്ഥാനത്തിലാണോ?
ഒട്ടേറെ ആരോപണങ്ങളുടേയും ക്രമക്കേടുകളുടേയും പശ്ചാത്തലത്തിൽ ഈ പദ്ധതി സർക്കാർ ഉപേക്ഷിച്ചു എന്ന ആശ്വാസമാണ് പൊതുസമൂഹത്തിനുണ്ടായിരുന്നതെന്ന് ചെന്നിത്തല കത്തിൽ പറയുന്നു. എന്നാൽ ഈ വിവാദ പദ്ധതിയുമായി മുന്നോട്ട് നീങ്ങാനുള്ള സർക്കാരിന്റെ തീരുമാനം തികച്ചും പ്രതിഷേധാർഹമാണ്. നിരവധി ക്രമക്കേടുകളാണ് ഈ പദ്ധതിയുടെ നിർവഹണവുമായി തുടക്കം മുതൽ തന്നെ നടന്നിട്ടുള്ളത്. സെബി നിരോധിച്ച പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് എന്ന വിവാദ കമ്പനിയെയാണ് ഇ-മൊബിലിറ്റി പദ്ധതിയുടെ ഭാഗമായ ഇ- ബസ് പദ്ധതിയുടെ കൺസൾട്ടൻസിയായി സർക്കാർ തിരഞ്ഞെടുത്തത്. സെബിയുടെ നിരോധനം മറികടക്കുന്നതിന് ഈ കമ്പനി സ്വീകരിച്ചിട്ടുള്ള വളഞ്ഞ വഴികളും, നിയമത്തിന്റെ പഴുതുകൾ മറികടക്കാനെടുത്ത കുതന്ത്രങ്ങളും പൊതുസമൂഹത്തിൽ നിരവധി തവണ ചർച്ചചെയ്തിട്ടുള്ളതാണ്. കൂടാതെ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിന് ഈ പദ്ധതിയുടെ കൺസൾട്ടൻസി നൽകുന്നതിനെതിരെ മികച്ച നിയമജ്ഞരായ ജസ്റ്റിസ് എ.പി. ഷായും, അഡ്വ. പ്രശാന്ത് ഭൂഷണും അടക്കമുള്ളവർ ഉയർത്തിയ എതിർപ്പുകളും വിമർശനങ്ങളും, മുഖ്യമന്ത്രിക്ക് അവർ നൽകിയ കത്തുകളും ഈ അവസരത്തിൽ വീണ്ടും ശ്രദ്ധയിൽപ്പെടുത്തുകയാണെന്ന് ചെന്നിത്തല കത്തിൽ പറയുന്നു.
എതിർപ്പുകളെയും മുന്നറിയിപ്പുകളേയും അവഗണിച്ചു കൊണ്ട് പദ്ധതിയുടെ നിർവഹണപ്രവർത്തനങ്ങളുമായി മുന്നോട്ട് നീങ്ങുന്നതിന്റെ ആവശ്യവും ചേതോവികാരവും എന്തെന്ന് സർക്കാർ വ്യക്തമാക്കണമെന്നും ചെന്നിത്തല കത്തിൽ ആവശ്യപ്പെട്ടു. ഇ-മൊബിലിറ്റി പദ്ധതിയുടെ ഭാഗമായി കെ.എസ്.ആർ.ടി.സിക്ക് ഇ-ബസുകൾ നിർമിച്ചു നൽകാൻ സ്വിറ്റ്സർലൻഡ് ആസ്ഥാനമായ ഹെസ്സ് എന്ന കമ്പനിയെ സർക്കാർ തെരഞ്ഞെടുത്തതിലും വലിയ ദുരൂഹത നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ സർവീസസ് ഐ.എൻ.സി. (നിക്സി) എം-പാനൽ കമ്പനിയായതുകൊണ്ടാണ് ടെൻഡർ ഇല്ലാതെ നൽകിയതെന്ന മുഖ്യമന്ത്രിയുടെ വാദങ്ങൾക്ക് യാതൊരുവിധ അടിസ്ഥാനവുമില്ല എന്ന കാര്യം മുൻപ് നിരവധി തവണ വ്യക്തമാക്കിയിട്ടുള്ളതാണ്. ഒരു കമ്പനിയെ സർക്കാർ കൺസൾട്ടന്റായി തിരരഞ്ഞെടുക്കേണ്ടത് എങ്ങനെയാണ് എന്നത് സംബന്ധിച്ച വിശദമായ മാർഗനിർദേശങ്ങൾ നിക്സി പുറപ്പെടുവിച്ചിട്ടുണ്ട്. അത് പ്രകാരം ഒരു പ്രത്യേക കമ്പനിയെ കൺസൾട്ടന്റായി നിശ്ചയിക്കാൻ തീരുമാനിച്ചാൽ ആ വിവരം നിക്സിയെ അറിയിക്കണം. പിന്നീട് നിക്സി അവരുമായി കരാറിൽ ഏർപ്പെടണം. നിക്സി എംപാനൽ ചെയ്ത കമ്പനികൾക്ക് ടെൻഡർ ഒഴിവാക്കി കരാർ നൽകാമെന്ന് കേരളം ക്യാബിനറ്റ് തീരുമാനമെടുത്തിട്ടുണ്ടെങ്കിൽ പ്രസ്തുത തീരുമാനത്തിന്റെ പകർപ്പ് കേരളസമൂഹത്തിന് മുന്നിൽ വയ്ക്കണമെന്ന് നിരവധി തവണ മുഖ്യമന്ത്രിയോടേ ആവശ്യപ്പെട്ടിരുന്നതാണെന്നും ചെന്നിത്തല പറയുന്നു.
എന്നാൽ ഇതിൽ നിന്നും സൗകര്യപൂർവ്വം ഒഴിഞ്ഞുമാറുന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്ന് ചെന്നിത്തല ആരോപിച്ചു. 2013-ൽ പുറത്തിറക്കിയ കേന്ദ്രസർക്കാർ പദ്ധതിയായ നാഷണൽ മൊബിലിറ്റി മിഷൻ പ്ലാൻ 2020 പ്രകാരമാണ് കേരളത്തിലും ഇ- മൊബിലിറ്റി പദ്ധതി കൊണ്ടുവരുന്നതിനുള്ള നടപടികൾക്ക് സർക്കാർ തുടക്കമിടുന്നത്. ഈ പദ്ധതി തികച്ചും സുതാര്യമായി നടത്താൻ സാധിക്കും എന്നിരിക്കേ സ്വിസർലെൻഡ് ആസ്ഥാനമായ ഹെസ്സ് എന്ന കമ്പനിയെ വഴിവിട്ടു സഹായിക്കുന്നതിനുള്ള നീക്കമാണ് സർക്കാർ നടത്തുന്നത്. 2018 മുതൽ പ്രസ്തുത കമ്പനിയുമായി വിവിധ തരത്തിലുള്ള ചർച്ചകൾ സർക്കാർ നടത്തിയിരുന്നു. ഈ കമ്പനിയുടെ നിർദേശപ്രകാരമാണ് കേരള ഓട്ടോമൊബൈൽ ലിമിറ്റഡുമായി ചേർന്ന് ഒരു ജോയിന്റ് വെഞ്ച്വർ തുടങ്ങാൻ സർക്കാർ മുൻപ് ആലോചന നടത്തിയത്. എന്നാൽ ഇവരുമായി ഏകപക്ഷീയമായി ധാരണാപത്രം ഒപ്പിടാനുള്ള ശ്രമം അന്നത്തെ ചീഫ് സെക്രട്ടറിയുടേയും, ധനകാര്യവകുപ്പ് ഉദ്യോഗസ്ഥരുടേയും എതിർപ്പിനെ തുടർന്നാണ് നടക്കാതെ പോയത്. ഇക്കാര്യത്തിൽ മുൻപ് പല തവണ പല സന്ദർഭങ്ങളായി ഉന്നയിച്ചിരുന്ന ചോദ്യങ്ങൾ ഞാൻ വീണ്ടും ആവർത്തിക്കുകയാണ്.
കെ.എസ്.ആർ.ടിക്ക് പുതിയ വൈദ്യുതി ബസ്സുകൾ ലഭ്യമാക്കുന്നതിനോ കാലോചിതമായ നവീകരണ പ്രവർത്തനങ്ങളും, ആധുനിക പരിഷ്കാരങ്ങളും നടത്തുന്നതിനോ ആരും എതിരല്ല. എന്നാൽ വളഞ്ഞ വഴിയിലുടേയുംഅഴിമതി മുന്നിൽകണ്ടും നടത്തുന്ന യാതൊരു നടപടിയേയും പൊതുസമൂഹം ശക്തിയുക്തം എതിർത്ത് തോൽപ്പിക്കും. കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളത്തിനും, പെൻഷനും ആവശ്യമായ ഫണ്ട് പോലും കൃത്യമായി ലഭ്യമാക്കാൻ സാധിക്കാത്ത സർക്കാരാണ് ഒരു വിദേശ കമ്പനിക്ക് ആയിരക്കണക്കിന് കോടി രൂപയുടെ ഫണ്ട് യാതൊരു മാനദണ്ഡവും പാലിക്കാതെ നൽകാൻ ശ്രമിക്കുന്നതെന്ന് ചെന്നിത്തല വിമർശിച്ചു.
കെ.എസ്.ആർ.ടി.സിക്ക് ഈ കരാർ വൻസാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുമെന്ന കാര്യത്തിൽ ഒരു തർക്കവുമില്ല. ഇക്കാര്യത്തിൽ ജീവനക്കാർക്കുംയൂണിയനുകൾക്കും വലിയ ആശങ്കയുണ്ട്. ഈ ഇടപാടിലൂടെ കെ.എസ്.ആർ.ടി.സിക്ക് 540 കോടി രൂപയുടെ വാർഷിക നഷ്ടം ഉണ്ടാകുമെന്ന വാർത്തകളും പുറത്തുവന്നിട്ടുണ്ട്. അടിമുടി ക്രമക്കേടുകളും, ദുരൂഹതകളും നിറഞ്ഞതും കെ.എസ്.ആർ.ടി.സിക്ക് വലിയ സാമ്പത്തികബാധ്യതയും, നഷ്ടവും വരുത്തിവയ്ക്കുന്നതുമായ ഈ പദ്ധതിയുമായി ഇന്നത്തെ നിലയിൽ ഇപ്രകാരം തന്നെ മുന്നോട്ട് പോകേണ്ടതുണ്ടോ എന്ന കാര്യത്തിൽ സർക്കാർ പുനരാലോചന നടത്തണം. ഇ-മൊബിലിറ്റിപദ്ധതിക്കോഇ-ബസ്സ് നിർമ്മാണത്തിനോ ആരും എതിരല്ല എന്നാൽ സുതാര്യവുംസത്യസന്ധവുമായ കൂടിയാലോചനകളിലൂടെയും, ടെൻഡർ നടപടിക്രമങ്ങൾ പാലിച്ചും മാത്രമേ ഇതുമായി ബന്ധപ്പെട്ട തുടർ നടപടികളുമായി സർക്കാർ മുന്നോട്ട് നീങ്ങാവൂ എന്ന് വീണ്ടും ആവശ്യപ്പെടുകയാണെന്നും ചെന്നിത്തല പറയുന്നു.
content highlights:ramesh chennithala writes letter to cm pinarayi vijayan over e mobility project