തിരുവനന്തപുരം: അനധികൃത ദത്തുകേസിൽ അന്വേഷണം നീതിയുക്തമല്ലെങ്കിൽ പ്രത്യക്ഷസമരത്തിനിറങ്ങുമെന്ന് അനുപമ. നിലവിലെ അന്വേഷണത്തിൽ തൃപ്തിയില്ല, ആരോപണവിധേയരായിട്ടുള്ളവരെ മാറ്റിനിർത്തി അന്വേഷിക്കണം. സൈബർ ആക്രമണം നടത്തുന്നവർക്കെതിരേയും നടപടി എടുത്തിട്ടില്ലെന്നും അനുപമ പറഞ്ഞു.
സി.ഡബ്ല്യു.സി, ശിശുക്ഷേമ സമിതി എന്നിവിടങ്ങളിലുളളആരോപണവിധേയർ ഇപ്പോഴും ആ സ്ഥാനങ്ങളിൽ തുടരുകയാണ്. തെളിവ് നശിപ്പിക്കാനോ, സഹപ്രവർത്തകരെ സ്വാധീനിക്കാനോ ഉള്ള സാവകാശം കൂടിയാണ് ഇവർക്ക് ഇപ്പോൾ ലഭിക്കുന്നത്. അതിൽ അസംതൃപ്തിയുണ്ട്. ശരിയായ അന്വേഷണം ആയിരിക്കില്ല ഇപ്പോൾ നടക്കുന്നത്.ആരോപണവിധേയരെ മാറ്റിനിർത്തണം.
സൈബർ ആക്രമണം നടന്നിട്ടും നടപടിയൊന്നുമുണ്ടായിട്ടില്ല. പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് ഇപ്പോൾ സർക്കാരിനുള്ളത്. ശരിയായ അന്വേഷണം നടക്കുന്നില്ലെങ്കിൽ വീണ്ടും പ്രത്യക്ഷസമരത്തിലേക്ക് പോകുമെന്നും അനുപമ പറഞ്ഞു.പ്രസവിച്ച കുഞ്ഞിനെ തന്റെ സമ്മതമില്ലാതെ ദത്ത് നൽകാൻ ഏൽപ്പിച്ചുവെന്നാണ് അനുപമയുടെ പരാതി. കേസിൽ വകുപ്പുതല അന്വേഷണംപുരോഗമിക്കവെയാണ് അനുമപയുടെ പ്രതികരണം.