കൊച്ചി > നടന് ജോജു ജോര്‍ജിനെ ആക്രമിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തതിനു പിന്നാലെ ഒത്തുതീര്‍പ്പിന് ശ്രമവുമായി നേതൃത്വം. ജോജുവിന്റെ സുഹൃത്തുക്കളുമായി സംസാരിച്ചുവെന്നും പ്രശ്നങ്ങള്‍ സംസാരിച്ച് തീര്‍ക്കാന്‍ തീരുമാനിച്ചുവെന്നും എറണാകുളം ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് പറഞ്ഞു. നേതാക്കളുടെ അറസ്റ്റ് നടപടികളിലേക്ക് പൊലീസ് കടന്നതോടെയാണ് കോണ്‍ഗ്രസിന്റെ നീക്കം.
ദീര്‍ഘനേരം ഗതാഗതം തടഞ്ഞുള്ള കോണ്‍ഗ്രസ് സമരത്തെ ചോദ്യം ചെയ്തതിനാണ് ജോജു ജോര്‍ജ് ആക്രമിക്കപ്പെട്ടത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജോജുവിന്റെ കാര്‍ അടിച്ചുതകര്‍ത്തു. താരത്തിനും പരിക്കേറ്റിരുന്നു. സംഭവത്തിനുപിന്നാലെ അക്രമത്തെ ന്യായീകരിക്കാനാണ് കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചത്. ജോജു മദ്യപിച്ചെന്നും സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആരോപിച്ചു. എന്നാല്‍ വൈദ്യപരിശോധനയില്‍ ജോജു മദ്യപിച്ചിട്ടില്ലെന്ന് തെളിയുകയും, മറ്റ് ആരോപണങ്ങള്‍ കളവാണെന്ന് പൊലീസ് കണ്ടെത്തുകയും ചെയ്തിരുന്നു.
കേസില്‍ മുന്‍ മേയര്‍ ടോണി ചമ്മണിയും കെപിസിസി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രനും ഉള്‍പ്പെടെ എട്ട് പ്രതികളുണ്ട്. മരട് പൊലീസ് കേസെടുത്തതിനുപിന്നാലെ ടോണി ചമ്മണി ഉള്‍പ്പെടെ പ്രതികളെല്ലാം മൊബൈല്‍ഫോണ്‍ ഓഫാക്കി മുങ്ങിയെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞദിവസം അറസ്റ്റിലായ കോണ്‍ഗ്രസ് പ്രവര്ത്തകന് വൈറ്റില സ്വദേശി പി ജി ജോസഫിനെ ബുധനാഴ്ച റിമാന്‍ഡ് ചെയ്തു. എറണാകുളം അസിസ്റ്റന്റ് കമീഷണര്‍ നിസാമുദ്ദീന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫായതിനാല്‍ ടവര്‍ ലൊക്കേഷന്‍ കണ്ടെത്താനായില്ല. മുന്‍കൂര്‍ജാമ്യത്തിന് ശ്രമിക്കുകയാണ് പ്രതികള്‍.
ജോജു പൊലീസില്‍ നല്കിയ പരാതിയില്‍ ടോണി ചമ്മണിയെ എടുത്തുപറഞ്ഞിട്ടുണ്ട്. ഒന്നാംപ്രതിയായ ടോണി ചമ്മണിയും സജീന്ദ്രനും പ്രവര്‍ത്തകരെയും കൂട്ടി ജോജുവിനോട് തട്ടിക്കയറുന്നതും കാറില്‍ അടിക്കുന്നതും വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതിനിടയിലാണ് പി ജി ജോസഫ് കല്ല് ഉപയോഗിച്ച് കാറിന്റെ ചില്ല് ഇടിച്ചുതകര്‍ത്തത്. ജോസഫ് കുറ്റസമ്മതം നടത്തിയതായി അസി. കമീഷണര്‍ പറഞ്ഞു. ചില്ല് തകര്‍ത്തപ്പോള്‍ ജോസഫിന്റെ വലതുകൈക്ക് ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. വാഹനത്തില്‍ വീണ രക്തസാമ്പിള്‍ പരിശോധനയ്ക്ക് നല്കി. സ്വകാര്യസ്വത്തിന് നാശനഷ്ടമുണ്ടാക്കുന്നതിനെതിരായ നിയമത്തിലെ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. കാറിന് ആറുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കിയിട്ടുള്ളത്.