തിരുവനന്തപുരം: തിരുവനന്തപുരം ആര്യനാട് ചെറുമഞ്ചലിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് വെയിറ്റിങ് ഷെഡിലേക്ക് പാഞ്ഞുകയറി ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ബുധനാഴ്ച കാലത്തുണ്ടായഅപകടത്തിൽ അഞ്ച് കുട്ടികൾ ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റിരുന്നു. ഇതിൽ ഗുരുതരമായി പരിക്കേറ്റ സോമൻ നായർ (65) എന്നയാളാണ് മരിച്ചത്.
ചെറുമഞ്ചൽ സ്വദേശിയായ സോമൻ നായർ ആശുപത്രിയിലേക്ക് പോകുന്നതിനായി ബസ് കാത്ത് നിൽക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
നെടുമങ്ങാട് ഭാഗത്തേക്ക് വന്ന കെഎസ്ആർടിസി ബസ്സാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ വെയിറ്റിങ് ഷെഡ് പൂർണമായും തകർന്നു. ബസ് വളവ് തിരിഞ്ഞു വരുന്നതിനിടെയായിരുന്നു അപകടം. പരിക്കേറ്റവർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽചികിത്സയിലായിരുന്നു.
ബസ് അമിതവേഗതയിലായിരുന്നെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. രാവിലെ സ്കൂളിലേക്ക് പോകാൻ ബസ് കാത്തുനിന്ന് വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടതിൽ അധികവും.














