മുൻപ് ഐടി പാര്‍ക്കുകളോടു ചേര്‍ന്ന് വൈൻ പാര്‍ലറുകള്‍ തുടങ്ങാനായി അനുമതി നല്കാൻ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാൽ കൊവിഡ് 19 നിയന്ത്രണങ്ങള്‍ വന്നതോടെ ഇക്കാര്യത്തിൽ തുടര്‍നടപടികള്‍ ഉണ്ടായില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. കൊവിഡിനു ശേഷം ഇക്കാര്യം ആലോചിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. സംസ്ഥാനത്ത് നൈറ്റ് ലൈഫ് ഇല്ലാത്തതിനാൽ കേരളത്തിലേയ്ക്ക് ജോലിയ്ക്ക് എത്താൻ ഐടി ജീവനക്കാര്‍ മടിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് നടപടികളുമായി മുന്നോട്ടു പോകുമെന്ന് മുഖ്യമന്ത്രി വീണ്ടും ഉറപ്പു നല്‍കിയത്.
“മറ്റു ഐടി കേന്ദ്രങ്ങളിലുള്ള സൗകര്യങ്ങള്‍ നമ്മുടെ ഇവിടെ ഇല്ല എന്നുള്ളത് ഒരു കുറവായി വരുന്നുണ്ട്. അത് സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിനായി ചില പ്രതിനിധികളെ നമ്മുടെ പ്രദേശങ്ങളിലേയ്ക്ക് അയയ്ക്കും. അവര്‍ കമ്പനികള്‍ക്ക് കൊടുക്കുന്ന റിപ്പോര്‍ട്ട്, ഇന്ന ഇന്ന കുറവുകള്‍ ഇവിടെയുണ്ട്. ഈ പറഞ്ഞ കുറവുകളാണ്. ആവശ്യമായ പബ്ബില്ല, അതിനുള്ള സൗകര്യങ്ങളില്ല. അത് പരിഹരിക്കുന്നതിനാണ് സര്‍ക്കാര്‍ നേരത്തെ ഒരു ആലോചന നടത്തിയത്. പക്ഷെ എല്ലാം അടച്ചിടുന്ന ഒരു ഘട്ടമാണല്ലോ കൊവിഡ് ഉണ്ടാക്കിയത്. അതുകൊണ്ട് അതിൻ്റെ മറ്റു കാര്യങ്ങളിലേയ്ക്ക് കടന്നില്ല എന്നേ ഉള്ളൂ.” കുറുക്കോളി മൊയ്ദീൻ എംഎൽഎ ചോദിച്ച ഉപചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
Also Read:
കേരളത്തിലെ ഐടി മേഖലയിൽ തൊഴിൽ വര്‍ധിപ്പിക്കാൻ കഴിഞ്ഞതായ മുഖ്യമന്ത്രി പറഞ്ഞു. ഓരോ ഐടി പാര്‍ക്കിനും പ്രത്യേകം സിഇഓമാരെ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ തിരുവനന്തപുരം ടെക്നോപാര്‍ക്ക്, കൊച്ചി ഇൻഫോപാര്‍ക്ക്, കോഴിക്കോട് സൈബര്‍ പാര്‍ക്ക് എന്നിവയ്ക്ക് ഒരൊറ്റ സിഇഓ ആണ്. ഇതിനു പകരം വെവ്വേറെ സിഇഓമാരെ നിയമിക്കാനാണ് സര്‍ക്കാര്‍ പദ്ധതി. ഐടി കമ്പനികളിൽ നിന്നുള്ള പിരിച്ചുവിടലിനെതിരെ ലേബര്‍ ഓഫീസിൽ പരാതിപ്പെടാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Also Read:
സംസ്ഥാനത്തേയ്ക്ക് കൂടുതൽ ഐടി കമ്പനികളെ ആകര്‍ഷിക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമാണ് പുതിയ തീരുമാനവും. സംസ്ഥാനത്തേയ്ക്ക് കൂടുതൽ ഐടി കമ്പനികളെ കൊണ്ടുവരാൻ ആവശ്യമായ കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് ഐടി കമ്പനികളുടെ സംഘടനയായ നാസ്കോമിനോട് സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. എന്നാൽ ജോലിയ്ക്കു ശേഷം ഐടി ജീവനക്കാര്‍ക്ക് ഉല്ലാസത്തിനുള്ള സൗകര്യങ്ങളില്ലെന്നായിരുന്നു റിപ്പോര്‍ട്ടിൽ ചൂണ്ടിക്കാട്ടിയ പ്രധാന കാര്യം. കൂടാതെ നിസാൻ കമ്പനി കേരളത്തിൽ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ സര്‍ക്കാരിനോടു ആവശ്യപ്പെട്ട ഒരു കാര്യവും ഇതായിരുന്നു.