കൊണ്ടോട്ടി: ഹജ്ജ് പുറപ്പെടൽ കേന്ദ്രങ്ങളിൽ ഇത്തവണയും കരിപ്പൂർ ഇല്ല. കോവിഡ് പശ്ചാത്തലത്തിൽ, ഹജ്ജ് പുറപ്പെടൽ കേന്ദ്രമായി രാജ്യത്ത് 10 വിമാനത്താവളങ്ങളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നെടുമ്പാശ്ശേരിയാണ് കേരളത്തിൽനിന്നുള്ള ഹജ്ജ് പുറപ്പെടൽ കേന്ദ്രം. ഇതോടെ ഹജ്ജ് ക്യാമ്പും നെടുമ്പാശ്ശേരിയിലാക്കേണ്ടി വരും.
കഴിഞ്ഞവർഷമുണ്ടായ വിമാനാപകടത്തെത്തുടർന്ന് വലിയ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയതാണ് കരിപ്പൂരിന് തിരിച്ചടിയായതെന്നാണു സൂചന. കരിപ്പൂരിനെ ഒഴിവാക്കിയത് തീർഥാടകർക്കും സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കും വലിയ തിരിച്ചടിയായി. നിലവിലെ ഹജ്ജ് ഹൗസിന് പുറമെ, വനിതാ തീർഥാടകർക്കായി പുതിയ കെട്ടിടത്തിന്റെ നിർമാണം കരിപ്പൂരിൽ പൂർത്തിയായിട്ടുണ്ട്.
നെടുമ്പാശ്ശേരിയിൽ ഹജ്ജ് ക്യാമ്പ് നടത്താൻ കെട്ടിടം വാടകയ്ക്കെടുക്കണം. ക്യാമ്പിൽ ജലലഭ്യത ഉറപ്പാക്കുന്നതും വെല്ലുവിളിയാണ്. മുൻവർഷങ്ങളിൽ 80 ശതമാനത്തിനു മുകളിൽ അപേക്ഷകരും മലബാറിൽനിന്നുള്ളവർ ആയിരുന്നു.
ഹജ്ജ് ചെയർമാൻ തിരഞ്ഞെടുപ്പ് നാളെ
സംസ്ഥാന ഹജ്ജ് ചെയർമാൻ തിരഞ്ഞെടുപ്പ് ബുധനാഴ്ച തിരുവനന്തപുരത്ത് നടക്കും. മാസ്കറ്റ് ഹോട്ടലിലാണ് തിരഞ്ഞെടുപ്പ് നടക്കുക. പുതിയ കമ്മിറ്റിയിൽ വനിതാ പ്രാതിനിധ്യമില്ല. കഴിഞ്ഞ കമ്മിറ്റിയിൽ വനിതയെ ഉൾപ്പെടുത്തിയിരുന്നു. നിലവിലെ കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞ ഓഗസ്റ്റിൽ കഴിഞ്ഞിരുന്നു.
ഹജ്ജ് അപേക്ഷ സ്വീകരിക്കാൻ തുടങ്ങി; ജനുവരി 31 വരെ അപേക്ഷിക്കാം
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് നിർവഹിക്കുന്നതിനുള്ള അപേക്ഷ ഓൺലൈനിൽ സ്വീകരിക്കാൻ തുടങ്ങി. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ www.hajcommittee.gov.in എന്ന വെബ്സൈറ്റിലും കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ www.keralahajcommittee.org എന്ന വെബ്സൈറ്റിലും അപേക്ഷയുടെ ലിങ്ക് ലഭ്യമാണ്. HCO എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയും അപേക്ഷ നൽകാം.
2022 ജനുവരി 31 വരെ അപേക്ഷിക്കാം. അപേക്ഷയോടൊപ്പം ഒരാൾക്ക് 300 രൂപവീതം ഓൺലൈനായി ഫീസ് അടയ്ക്കണം. മെഹ്റമില്ലാത്ത വനിതകളുടെ വിഭാഗത്തിൽ അപേക്ഷിക്കുന്നവർക്ക് ഫീസ് ഇല്ല.
അപേക്ഷകർക്ക് 2022 ജനുവരി 31-ന് മുൻപ് അനുവദിച്ചതും 22 ഡിസംബർ 31 വരെ കാലാവധിയുള്ളതുമായ പാസ്പോർട്ട് നിർബന്ധമാണ്. 2022 ജൂലായ് 10-ന് 65 വയസ്സ് പൂർത്തിയാകാത്തവരായിരിക്കണം. കുടുംബബന്ധമുള്ള അഞ്ചുപേർക്കുവരെ ഒരു കവറിൽ അപേക്ഷ നൽകാം. കവർ ലീഡർ പുരുഷനാകണം.
അപേക്ഷകരുടെ പാസ്പോർട്ടിന്റെ ആദ്യത്തെയും അവസാനത്തെയും പേജ്, പാസ്പോർട്ട്സൈസ് കളർ ഫോട്ടോയും (വൈറ്റ് ബാക്ക്ഗ്രൗണ്ടുള്ള 70 ശതമാനം മുഖം വരുന്നത്), പ്രോസസിങ് ഫീസടച്ച പേ-ഇൻ സ്ലിപ്പ്, മുഖ്യ അപേക്ഷകന്റെ കാൻസൽചെയ്ത, ഐ.എഫ്.എസ്. കോഡുള്ള ബാങ്ക് ചെക്കിന്റെ/ പാസ്ബുക്കിന്റെ പകർപ്പ് എന്നിവ അപേക്ഷയോടൊപ്പം വെക്കണം.
ഹജ്ജ് യാത്ര 36 മുതൽ 42 ദിവസമായിരിക്കും. ഹജ്ജ് കമ്മിറ്റി മുഖേന നേരത്തേ ഹജ്ജ് ചെയ്തവരായിരിക്കരുത്. 2022 ജൂലായ് 10-ന് 45 വയസ്സ് പൂർത്തിയായവരും 65 വയസ്സ് കഴിയാത്തവരുമായ പുരുഷ മെഹ്റം ഇല്ലാത്ത, ഹജ്ജ് കമ്മിറ്റി മുഖേന ജീവിതത്തിലൊരിക്കലും ഹജ്ജ് ചെയ്തിട്ടില്ലാത്ത സ്ത്രീകൾക്ക് സംഘമായി അപേക്ഷിക്കാം. ഒരു കവറിൽ നാലുപേരെങ്കിലും വേണം. തിരഞ്ഞെടുക്കപ്പെടുന്നവർ ആദ്യഗഡുവായി 81,000 രൂപ അടയ്ക്കണം. വിവരങ്ങൾക്ക്: ഹജ്ജ് ഹൗസ് കരിപ്പൂർ: 0483 2710717, 2717572. കോഴിക്കോട് റീജണൽ ഓഫീസ്: 0495 2938786.
Content Highlights: Haj service kaipur left out again nedumbassery to be departure centre