തിരുവനന്തപുരം
മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ മുതലെടുപ്പ് ലക്ഷ്യമിട്ട് പ്രതിപക്ഷം നിയമസഭയിൽ നടത്തിയ ശ്രമം വസ്തുതകളുടെ ‘ സ്പിൽവെ ’ തുറന്നപ്പോൾ ഒലിച്ചുപോയി. രമേശ് ചെന്നിത്തലയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. അഖിലേന്ത്യാ തലത്തിൽ പാർടി ഭാരവാഹിയാകാൻ പോകുന്ന ചെന്നിത്തലതന്നെ പ്രമേയം കൊണ്ടുവന്നത് ശരിയാണോയെന്ന് ചോദിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയത്. കേന്ദ്രസഹായത്തോടെ പരിഹരിക്കണമെന്ന് ചെന്നിത്തലയുടെ നിർദേശത്തിനും മുഖ്യമന്ത്രി മറുപടി നൽകി. ‘‘അതിനുള്ള എത്രയോ അവസരം പാഴാക്കിയവരാണ് നിങ്ങൾ. കൈപ്പിടിയിൽ ഒതുങ്ങിനിൽക്കുന്ന കാലത്തുപോലും സാധിച്ചില്ല.’’ കേന്ദ്രത്തിലും കേരളത്തിലും കോൺഗ്രസിന് ഭരണമുണ്ടായിരുന്നതാണ് മുഖ്യമന്ത്രി ഓർമിപ്പിച്ചത്. ഇപ്പോഴും കേന്ദ്ര സഹായത്തോടെ ചർച്ചചെയ്യാനും പ്രശ്നമൊന്നുമില്ല. പക്ഷേ, അതില്ലാതെ തമിഴ്നാടുമായി ചർച്ച നടത്താനും സാഹചര്യമുണ്ട്.
അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി രണ്ട് മന്ത്രിമാർ നേരിട്ടെത്തി നടപടികൾക്ക് നേതൃത്വം നൽകിയെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഒരു പരാതിയും ഉയർന്നില്ല. ഞായറാഴ്ച മുല്ലപ്പെരിയാറിൽ നിൽക്കുമ്പോൾ 14 തവണയാണ് മുഖ്യമന്ത്രി വിളിച്ചത്. സർക്കാരിന്റെ ജാഗ്രതയാണത്. സഹകരിക്കുന്ന നിലപാടാണ് ഇന്ന് തമിഴ്നാടിനുള്ളത്. അണക്കെട്ട് തുറക്കുമ്പോൾ കൃത്യമായി മുന്നറിയിപ്പ് നൽകി. ആവശ്യപ്പെട്ടപ്പോഴൊക്കെ കൂടുതൽ വെള്ളം ഒഴുക്കിവിടാനും തയ്യാറായി. പുതിയ അണക്കെട്ടിനുള്ള ശക്തമായ ശ്രമത്തിലാണ് സർക്കാർ. ചെന്നിത്തല വസ്തുതകളെ വളച്ചൊടിക്കുകയാണ്. മുല്ലപ്പെരിയാർ വിഷയത്തിൽ നിലപാട് മാറ്റിയെന്ന് തെളിയിക്കാമെങ്കിൽ പരസ്യമായി മാപ്പ് പറയാമെന്നും റോഷി പറഞ്ഞു.
മുതലെടുപ്പ് ശ്രമം പൊളിഞ്ഞതോടെ തുടർന്നു സംസാരിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തിരുത്തി: ‘ഒരു വികാരമേയുള്ളു, സംസ്ഥാന താൽപ്പര്യത്തിന് തങ്ങൾ എതിരല്ല.’