കൊച്ചി
സംസ്ഥാനത്ത് നോക്കുകൂലി ഇല്ലാതാക്കാൻ ബോധവൽക്കരണം ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കുന്നുണ്ടെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സർക്കാരിന്റെ നടപടികളെ ഹൈക്കോടതി അഭിനന്ദിച്ചു. നോക്കുകൂലി നിയമവിരുദ്ധമാണെന്നും പണിയെടുക്കാതെ കൂലി വാങ്ങാൻ സംരക്ഷണം കിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്ത മാക്കിയിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി.
കൊല്ലം പുനലൂരിൽ ഹോട്ടൽ നിർമാണത്തിന് നോക്കുകൂലി ആവശ്യപ്പെട്ടതിനെതിരെ സമർപ്പിച്ച പൊലീസ് സംരക്ഷണ ഹർജിയിലാണ് തൊഴിൽവകുപ്പ് സെക്രട്ടറി വിശദമായ സത്യവാങ്മൂലം സമർപ്പിച്ചത്. കോടതിയുടെ ഇടക്കാല ഉത്തരവിനെത്തുടർന്ന് തൊഴിൽമന്ത്രിയുടെ നേതൃത്വത്തിൽ യോഗം വിളിച്ച് തീരുമാനങ്ങൾ എടുത്തതായി സർക്കാർ വ്യക്തമാക്കി.
ചുമട്ടുതൊഴിലാളി യൂണിയനുകളുടെയും ക്ഷേമബോർഡ് ഉദ്യോഗസ്ഥരുടെയും യോഗം മന്ത്രിയുടെ സാന്നിധ്യത്തിൽ വിളിക്കും. ജില്ലാതലത്തിൽ ചുമട്ടുതൊഴിലാളികളുടെ യോഗം വിളിക്കും. കയറ്റിറക്ക് കൂലി നിശ്ചയിച്ച് ലഘുലേഖ തൊഴിലാളി യൂണിയനുകൾക്ക് നൽകും. സ്വീകരിച്ച നടപടികൾ മാധ്യമങ്ങളിലൂടെ പൊതുജനങ്ങളെ അറിയിക്കുമെന്നും സർക്കാർ വ്യക്തമാക്കി. സർക്കാർ നടപടികളെ കോടതി അഭിനന്ദിച്ചു. നോക്കുകൂലി വാങ്ങുന്നവർക്ക് യൂണിയനുകളുടെ സംരക്ഷണം കിട്ടുന്നതാണ് വിഷയമെന്ന് കോടതി പറഞ്ഞു. കേസ് ഈ മാസം അവസാനം പരിഗണിക്കും.