തിരുവനന്തപുരം > പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റസ്റ്റ് ഹൗസുകളുടെ നവീകരണത്തിന്റെ ഭാഗമായി ഒരു കേന്ദ്രത്തില്‍ നിന്നും പ്രവര്‍ത്തനം നിരീക്ഷിക്കുന്ന സംവിധാനം കൊണ്ടുവരുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരളത്തിലെ പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസുകള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റുന്നതിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. തിരുവനന്തപുരത്തെ പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ മന്ത്രി ആന്റണി രാജു അധ്യക്ഷനായി. പൊതുജനങ്ങള്‍ക്ക് എളുപ്പത്തില്‍ റസ്റ്റ് ഹൗസില്‍ റൂം ബുക്ക് ചെയ്യുന്നതിന് സാധിക്കുന്ന വിധത്തില്‍ പീപ്പിള്‍സ് റസ്റ്റ് ഹൗസുകളായാണ് ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം ആരംഭിച്ചത്.
ഓണ്‍ലൈന്‍ ബുക്കിങ് ആയത് കൊണ്ട് മാത്രം റസ്റ്റ് ഹൗസുകളുടെ പ്രവര്‍ത്തനം പൂര്‍ണമാകില്ലെന്നും റസ്റ്റ്ഹൗസുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഘട്ടം ഘട്ടമായി പരിഹരിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു. എല്ലാ റസ്റ്റുഹൗസുകളും നവീകരിച്ച് മികച്ച സൗകര്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കാനാണ് ശ്രമിക്കുന്നത്. ശുചിത്വമുള്ള അന്തരീക്ഷം, നല്ല ഭക്ഷണം, ജീവനക്കാരുടെ പെരുമാറ്റം തുടങ്ങിയവയെല്ലാം ഇതില്‍ പ്രധാനമാണ്. എല്ലാ റസ്റ്റ്ഹൗസുകളുടെയും പ്രവര്‍ത്തനം ഏതെങ്കിലും ഒരു കേന്ദ്രത്തില്‍ നിന്നും നിരീക്ഷിക്കുന്ന സംവിധാനം കൊണ്ടുവരാന്‍ റസ്റ്റ് ഹൗസുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നത് പരിഗണിക്കുന്നുണ്ട്. റസ്റ്റ് ഹൗസുകളുടെ പ്രവര്‍ത്തനം പരിശോധിക്കുന്നതിന് ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തും. യഥാസമയം പരിശോധനാ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കും. റസ്റ്റ് ഹൗസുകൾ ഭിന്നശേഷി സൗഹൃദമാക്കുന്നതിന് വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തും. ദൂരയാത്രക്കാര്‍ക്ക് ടോയ് ലറ്റ് സംവിധാനം ഉപയോഗിക്കുന്നതിനായി കംഫര്‍ട്ട് സ്റ്റേഷനുകള്‍ റസ്റ്റ് ഹൗസുകളില്‍ സ്ഥാപിക്കുന്ന കാര്യവും ആലോചനയിലാണ്.
പീപ്പിള്‍സ് റസ്റ്റ് ഹൗസ് എന്ന ആശയം കേരളത്തിലെ ജനങ്ങളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ജനപ്രതിനിധികളുമെല്ലാം ഇരുകയ്യും നീട്ടി സ്വീകരിച്ചതാണ്. പൊതുമരാമത്ത് വകുപ്പ് ജനങ്ങള്‍ക്ക് ഈ കേരളപ്പിറവി ദിനത്തില്‍ നല്കുന്ന സമ്മാനമാണ് പീപ്പിള്‍സ് റസ്റ്റ് ഹൗസുകള്‍. കേരളത്തിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലാണ് എല്ലാ റസ്റ്റ് ഹൗസുകളും സ്ഥിതി ചെയ്യുന്നത്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ നവീനമായ കൂടുതല്‍ മാറ്റങ്ങള്‍ക്ക് പിഡബ്ല്യുഡി റസ്റ്റ് ഹൗസുകള്‍ ഭാവിയില്‍ വിധേയമാകുമെന്നും മന്ത്രി പറഞ്ഞു.
https://resthouse.pwd.kerala.gov.in/
ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ റസ്റ്റ് ഹൗസില്‍ മുറികള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം. ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ആനന്ദ് സിങ് ഐഎഎസ്, കൗണ്‍സിലര്‍ മാധവദാസ്, കെട്ടിടവിഭാഗം ചീഫ് എൻജിനീയര്‍ എല്‍ ബീന, ഭരണ വിഭാഗം ചീഫ് എഞ്ചിനീയര്‍ കെ ആര് മധുമതി തുടങ്ങിയവര്‍ സംസാരിച്ചു.