ഇന്ധന വിലവർധനയ്ക്കെതിരായ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനെതിരെ മുണ്ട് മടക്കിക്കുത്തി അടിവസ്ത്രം കാണിച്ച് സിനിമാസ്റ്റൈൽ ഷോയാണ് ജോജു നടത്തിയത്. വനിതാപ്രവർത്തകരെ അസഭ്യം പറയുകയും കടന്നുപിടിക്കാൻ ശ്രമം നടത്തുകയും ചെയ്തു. അദ്ദേഹം മദ്യപിച്ചിരുന്നു എന്നാണ് അറിയാൻ സാധിച്ചത്. ജോജുവിൻ്റെ വാഹനത്തിൽ മദ്യക്കുപ്പിയുണ്ടായിരുന്നുവെന്നാണ് അറിയാൻ കഴിഞ്ഞത്. മാന്യമായ പ്രതികരണം നടത്താമായിരുന്നു. സിനിമാസ്റ്റൈൽ ഷോ കോൺഗ്രസിനോട് വേണ്ടെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.
കോൺഗ്രസ് മാന്യമായി നടത്തിയ പ്രതിഷേധത്തിൽ 1500 ലേറെ പേരാണ് വാഹനങ്ങളുമായി പങ്കെടുത്തത്. ആർക്കെങ്കിലും അസൗകര്യം ഉണ്ടായിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നു. ജോജു ജോർജിൻ്റെ പ്രകടനം ജനം വിലയിരുത്തട്ടെ എന്നും ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ് വ്യക്തമാക്കി.
ഇതിനിടെ ജോജു ജോർജിൻ്റെ വാഹനം തല്ലിത്തകർത്തതിന് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. വാഹനം തകർത്തതിനും ദേശീയപാത ഉപരോധിച്ചതിനും കണ്ടാലറിയാവുന്നവരെ ഉൾപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മഹിളാ കോൺഗ്രസ് പ്രവർത്തകരെ അസഭ്യം പറഞ്ഞുവെന്ന ആരോപണത്തിൽ ജോജുവിനെതിരെ പോലീസ് കേസെടുത്തിട്ടില്ല. കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമേ കേസെടുക്കണോ എന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകൂ എന്ന് പോലീസ് പറഞ്ഞു. മദ്യപിച്ചാണ് ജോജു പ്രതികരണം നടത്തിയതെന്ന മഹിളാ കോൺഗ്രസിൻ്റെ ആരോപണം തള്ളുന്ന പരിശോധനാ ഫലമാണ് പുറത്തുവന്നത്. വൈദ്യപരിശോധനയിൽ ജോജു മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമായി.
അതേസമയം, ദേശീയപാത ഉപരോധിച്ച് നടത്തിയ പ്രതിഷേധത്തെ തള്ളിപ്പറഞ്ഞ് പ്രതിപക്ഷ നേതാവ് രംഗത്തുവന്നു. വഴിതടയൽ സമരത്തിന് വ്യക്തിപരമായി എതിരാണ് താൻ. എറണാകുളത്ത് എന്തെങ്കിലും അനിഷ്ടസംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ ഗൗരവമായി അതേപ്പറ്റി അന്വേഷിച്ച് വേണ്ട നടപടികൾ സ്വീകരിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
ഇന്ധനവില വർധനവിനെതിരെ ശക്തമായ സമരം വേണമെന്ന ആവശ്യം ഉയർന്നിരിക്കുകയാണ്. കൊച്ചിയിൽ എന്താണ് ഉണ്ടായതെന്ന് അന്വേഷിക്കും. അവിടെ എന്താണ് നടന്നതെന്ന റിപ്പോർട്ട് ലഭിച്ചിട്ടില്ല. ഇന്ധവില വർധനവിനെതിരെ ശക്തമായ സമരം നടത്താൻ എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി തീരുമാനിച്ചതിൻ്റെ ഭാഗമായിട്ടാണ് സമരം നടത്തിയതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കൊച്ചിയിലെ സംഭവത്തിൽ വിവരങ്ങൾ ശേഖരിക്കുകയും അന്വേഷിക്കുകയും ചെയ്യും. എറണാകുളത്തെ നേതാക്കളുമായി ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. വഴി തടയൽ സമരത്തിന് വ്യക്തിപരമായി താൻ എതിരാണ്. ഇക്കാര്യം എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയെ അറിയിച്ചിരുന്നുവെന്നും മാധ്യപ്രവർത്തകരുമായി സംസാരിക്കുന്നതിനിടെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.