ന്യൂഡൽഹി: കോൺഗ്രസിന്റെ ഉപരോധ സമരത്തിനിടെ നടൻ ജോജു ജോർജിന്റെ വാഹനത്തിന്റെ ചില്ല് അടിച്ചു തകർത്ത സംഭവം പാർട്ടി അന്വേഷിക്കുമെന്ന് സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ.ആരെയും ആക്രമിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
സംഭവം പാർട്ടി അന്വേഷിക്കുമെന്നാണ് തോന്നുന്നത്. അന്വേഷിക്കുകതന്നെ ചെയ്യും. പക്ഷെ സമരത്തിന് ആധാരമായ കാര്യമെന്താണെന്ന് മനസിലാക്കണം. ഇന്നും പാചക വാതകത്തിന്റെ വിലകൂട്ടി. രാജ്യത്ത് കോൺഗ്രസ് ഒരുപാട് സമരങ്ങൾ നടത്തിയിട്ടുണ്ട്. വരുന്ന 14 മുതൽ 29 വരെ ദേശീയ തലത്തിൽ പ്രക്ഷോഭം നടത്തുകയാണ്. പക്ഷെ മോദി സർക്കാർ ഇതൊന്നും കേൾക്കുന്നില്ല. ഓരോ ദിവസവും പെട്രോളിന്റെയും ഡീസലിന്റെയും പാചക വാതകത്തിന്റെയും വില കൂട്ടിക്കൊണ്ടിരിക്കുന്നു. അതേക്കുറിച്ച് ചർച്ച വേണ്ടേ ? സമര മാർഗങ്ങളെക്കുറിച്ച് അഭിപ്രായ വ്യത്യാസമുണ്ടാകാം. പക്ഷെപ്രതിഷേധ സ്വരങ്ങൾ കേൾക്കാൻ സർക്കാർ തയ്യാറല്ല – അദ്ദേഹം പറഞ്ഞു.
ജോജുവിനെ ക്രിമിനൽ എന്നാണ് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ വിശേഷിപ്പിച്ചത്. സമരക്കാർക്കു നേരെ പാഞ്ഞടുത്ത ജോജുവിനെതിരേ പോലീസ് നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.മുണ്ടും മാടിക്കെട്ടി സമരക്കാർക്കുനേരെ ഗുണ്ടയെപ്പോലെ പാഞ്ഞടുക്കുകയായിരുന്നു ജോജു ജോർജ്. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന് ജോജു ജോർജിനെതിരേ പോലീസ് നടപടി സ്വീകരിക്കണം. ആ നടപടി ജനങ്ങളെയും സമൂഹത്തെയും ബോധ്യപ്പെടുത്താൻ സാധിക്കുന്ന നടപടി ആയിരിക്കണം അതെന്നും സുധാകരൻ ആവശ്യപ്പെട്ടിരുന്നു.
ഇന്ധനവില വർധനവിനെതിരേ കോൺഗ്രസ് നടത്തിയ റോഡ് ഉപരോധ സമരത്തിനെതിരേയായിരുന്നു സിനിമാ നടൻ ജോജു ജോർജ് പ്രതിഷേധിച്ചത്.
Content Highlights: Its not right to attack someone says KCVenugopal in Joju George issue