തിരുവനന്തപുരം:നടൻ ജോജു ജോർജിന്റെ കാർ തല്ലിത്തകർത്ത സംഭവം കോൺഗ്രസ്സിന്റെ ഗുണ്ടാ സംസ്കാരത്തിന്റെ തെളിവാണെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എ.എ റഹീം. കെ സുധാകരന്റെ നേതൃത്വത്തിൽ കോൺഗ്രസ്സ് ഒരുഗുണ്ടാ സംഘമായി മാറിക്കഴിഞ്ഞതിന്റെ ലക്ഷണമാണിത്. കേരളം ജാഗ്രതയോടെ ഈ ഗുണ്ടാ സംസ്കാരത്തെ നേരിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ധനവില വർധനവിനെതിരേ സമരം ചെയ്യാൻ കോൺഗ്രസ്സിന് ധാർമ്മികമായ അവകാശമില്ല. ദിനം പ്രതി ഇന്ധന വില വർദ്ധിക്കാൻ തുടങ്ങിയത് ഇന്ധന വില നിയന്ത്രണാധികാരം എണ്ണക്കമ്പനികൾക്ക് വിട്ടുകൊടുത്തതാണ്. കോൺഗ്രസ്സിന്റെ നേതൃത്വത്തിലുള്ള രണ്ടാം യുപിഎ സർക്കാരാണ് കോർപറേറ്റുകൾക്കായി ഈ ജനവിരുദ്ധ തീരുമാനമെടുത്തതെന്നും റഹീം ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറ്റപ്പെടുത്തി.
കൊച്ചിയിൽ കണ്ടത് തനി ഗുണ്ടായിസമായിരുന്നു. ജോജുവിന്റെ കാർ തല്ലി തകർത്തു. അദ്ദേഹത്തിനു നേർക്ക് ആക്രമണം ഉണ്ടായി. ഇത് ഗുണ്ടായിസമാണ്. സംഭവത്തോട് പ്രതികരിച്ച കെസുധാകരനാകട്ടെ, നിരുത്തരവാദപരമായിട്ടാണ് സംസാരിച്ചത്. ജോജു മദ്യപിച്ചിരുന്നു, അയാൾസ്ത്രീകളോട് മോശമായി പെരുമാറി എന്നൊക്കെയായിയുന്നു കെപിസിസി അധ്യക്ഷന്റെ പ്രതികരണം. എത്ര നിരുത്തരവാദപരമാണ് ഈ പ്രസ്താവന. സുധാകരൻ കള്ളം പറയുകയാണ് എന്ന് ദൃശ്യങ്ങൾ കണ്ട ഏതൊരാൾക്കും ബോധ്യമാകും. കോൺഗ്രസ്സുകാർ നടത്തിയ ഗുണ്ടായിസത്തിന് പ്രോത്സാഹനം നൽകുകയാണ്. ഇനിയും ഇങ്ങനൊയൊക്കെ ഞങ്ങൾ ചെയ്യും എന്ന് വെല്ലുവിളിക്കുകയാണ്. ഇത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.