കോഴിക്കോട് > ഈ അംഗീകാരത്തില്‍ വലിയ സന്തോഷമുണ്ട്. വായനക്കാരോട്,സഹൃദയരോടൊക്കെ കടപ്പാടും. ഓരോ അംഗീകാരവും നമ്മളെ അടയാളപ്പെടുത്തുന്നതാണല്ലോ. ആവിധത്തിലും ഇത് സന്തോഷം പകരുന്നു– എഴുത്തച്ഛന് പുരസ്കാരലബ്ധിയോടുള്ള പ്രതികരണമായി പി വത്സല പറഞ്ഞു.
എഴുത്തുകാരിയായുള്ള ജീവിതപാത തെരഞ്ഞെടുത്തതില്‍ അഭിമാനം തോന്നുന്ന മുഹൂര്‍ത്തമാണ്. ദേശാഭിമാനിയുമായി ആറാംക്ലാസ്, ഏഴാം ക്ലാസ് മുതലേയുള്ള ബന്ധമാണ്. പഠിക്കുമ്പോഴേയുള്ള അടുപ്പം. പത്രാധിപന്മാരൊക്കെ എനിക്ക് വളരെ അടുത്ത പരിചയക്കാരായിരുന്നു.
ആദ്യകാല കഥകളൊക്കെ ദേശാഭിമാനിയിലും മാതൃഭൂമിയിലുമായിരുന്നു. ഇന്നും ആ ഹൃദയബന്ധമുണ്ട്. എന്തിനെഴുതുന്നു എന്ന ചോദ്യമൊക്കെ ഓരോ എഴുത്തുകാരേയും എപ്പോഴെങ്കിലും അലട്ടും. അംഗീകാരങ്ങള്‍, അവാര്‍ഡുകള്‍ …അവ അത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ കൂടിയാണ്. നിങ്ങളെ കാലവും ദേശവും തിരിച്ചറിയുന്നു എന്നറിയുന്നതിലുള്ള സന്തോഷം എല്ലാവരുമായും പങ്കിടുന്നു– വത്സല ടീച്ചര്‍ പറഞ്ഞു.