തിരുവനന്തപുരം: മുല്ലപ്പെരിയാർ വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ പ്രതിപക്ഷം. സർക്കാരിന് ഈ വിഷയത്തിൽ ഒരു നയമില്ലെന്നും ജലനിരപ്പ് 139.5 അടിയായി നിശ്ചയിച്ചുള്ള തീരുമാനം വന്നപ്പോൾ തമിഴ്നാട് മന്ത്രിയെപ്പോലെയാണ് റോഷി അഗസ്റ്റിൻ സംസാരിച്ചതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി തേടി സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, വിമർശനം അടിസ്ഥാനരഹിതമാണെന്നും കേരളത്തിന്റെ താത്പര്യം ഉയർത്തിപ്പിടിക്കുന്ന നടപടികളാണ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും മന്ത്രി റോഷി അഗസ്റ്റിൻ മറുപടി നൽകി.
മുല്ലപ്പെരിയാർ വിഷയത്തിൽ ചെയ്യാവുന്നതെല്ലാം സർക്കാർ ചെയ്യുന്നുണ്ട്. 1895-ൽ നിർമിച്ച ഡാമിന് സുരക്ഷാ ഭീഷണിയുള്ളതിനാൽ പുതിയ ഡാം നിർമിക്കണമെന്ന നിലപാടിൽ നിന്ന് സംസ്ഥാന സർക്കാർ പിന്നോട്ട് പോയിട്ടില്ലെന്നും പുതിയ ഡാം നിർമിക്കാനുള്ള ശേഷി കേരളത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാടുമായി എന്തെങ്കിലും പ്രശ്നമുണ്ടെന്ന് വരുത്തിതീർക്കുന്നത് ശരിയല്ലെന്നും റോഷി പറഞ്ഞു. സുപ്രീം കോടതിയിലടക്കം കേരളത്തിന്റെ താത്പര്യം ഉയർത്തിപ്പിടിച്ചാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.
തമിഴ്നാടുമായി സഹകരിച്ചാണ് മുന്നോട്ട് പോകുന്നത്. 2018ൽ പ്രളയ സമയത്ത് മുല്ലപ്പെരിയാർ ഡാം തുറന്നത് കേരളത്തെ അറിയിക്കാതെയാണ്. എന്നാൽ ഇപ്പോൾ ആ സ്ഥിതി മാറിയിട്ടുണ്ടെന്നും കേരളത്തെ എല്ലാ കാര്യങ്ങളും തമിഴ്നാട് അറിയിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. എന്നാൽ ഡാമിലെ ജലനിരപ്പ് 120 അടിയാക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യച്ചങ്ങല തീർത്ത സി.പി.എം പ്രവർത്തകർ ഇപ്പോൾ എവിടെയാണെന്ന് ചെന്നിത്തല ചോദിച്ചു.
മുല്ലപ്പെരിയാറിൽ സർക്കാരിന് നിലപാടില്ല. ഇടുക്കിയിലെ ജനങ്ങൾക്ക് ഇപ്പോൾ രണ്ട് ഭീഷണിയാണ്. ഡാമിന്റെ സുരക്ഷയും ഒപ്പം ആശങ്കപ്പെടേണ്ടെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ സംസാരിച്ചാൽ നിയമനടപടിയും-ചെന്നിത്തല പരിഹസിച്ചു. കേരളത്തിന്റെ താത്പര്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒന്നും കേരള സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്നും മുഖ്യമന്ത്രി ഈ വിഷയത്തിൽ സംസാരിക്കാത്തത് എന്തുകൊണ്ടാണെന്നും ചെന്നിത്തല ചോദിച്ചു.
റോഷി അഗസ്റ്റിൻ കേരളത്തിലെ മന്ത്രിയെപ്പോലെ ഉയരണമെന്നും തമിഴ്നാട് മന്ത്രിയെപ്പോലെ സംസാരിക്കരുതെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. പ്രശ്ന പരിഹാരത്തിന് ചെന്നിത്തല പുതിയ നിർദേശവും മുന്നോട്ട് വെച്ചു. കേരള തമിഴ്നാട് സംസ്ഥാനങ്ങളിലെ സർവകക്ഷി സംഘങ്ങളെ ഉപയോഗിച്ച് സമവായ ചർച്ച നടത്തി വിഷയം പരിഹരിക്കണമെന്ന് ചെന്നിത്തല നിർദേശിച്ചു.
Content Highlights: remesh chennithala attacks government in mullaperiyar issue