ചാത്തന്നൂര്‍ (കൊല്ലം)
ഭയമില്ലാതെ എല്ലാ കുട്ടികൾക്കും സ്കൂളിലെത്താമെന്നും കരുതലോടെ സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കുട്ടികളെ സ്കൂളിൽ വിടുന്നതിൽ രക്ഷാകർത്താക്കൾക്ക് ഉൽക്കണ്ഠ വേണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. എല്ലാ ഉത്തരവാദിത്വവും സർക്കാർ ഏറ്റെടുക്കും. സ്കൂൾ തുറന്നാലും ഓൺലൈൻ ക്ലാസ് തുടരും. ഇതിന് പ്രത്യേക ടൈംടേബിൾ തയ്യാറാക്കും. വിദ്യാര്‍ഥികളുടെ ആരോഗ്യവും സുരക്ഷയുമാണ് പ്രധാനം.
കോവിഡിൽ വീട്ടിൽത്തന്നെ കഴിയേണ്ടിവന്നതിനാൽ കുട്ടികളിൽ വിഷാദരോഗമടക്കമുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതായി കണ്ടെത്തിയിരുന്നു. അതിനാൽ അവർക്ക് മാനസികോല്ലാസം പകരുക പ്രധാനമാണ്. മാനസിക സമ്മര്‍ദത്തിലാക്കുന്ന ഒന്നും ഉണ്ടാകരുതെന്ന് നിർദേശിച്ചിട്ടുണ്ട്. കുട്ടികളുടെ ആരോഗ്യം സംബന്ധിച്ച് സൂക്ഷ്മനിരീക്ഷണമുണ്ടാകും.
സ്കൂൾപ്രവർത്തനം സുഗമമാക്കാൻ ഫണ്ട് ലഭ്യമാക്കിയിട്ടുണ്ട്. ക്ലാസ് മുറികളും സ്കൂൾ പരിസരവും വൃത്തിയാക്കി അണുനശീകരണം നടത്തി. പ്രവേശനോത്സവം നാട് ഉത്സവമായി ഏറ്റെടുത്തിട്ടുണ്ടെന്നും ചരിത്ര നിമിഷത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു.