ദുബായ്
ബാറ്റിങ് നിര ഒരിക്കൽക്കൂടി ചാരം. ന്യൂസിലൻഡുമായുള്ള കളിയിലും തകർന്നടിഞ്ഞതോടെ ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകൾ മങ്ങി. ബാറ്റർമാരുടെ ദയനീയ പ്രകടനം ആവർത്തിച്ചപ്പോൾ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ കിവികളോട് എട്ട് വിക്കറ്റിനാണ് നിലംപൊത്തിയത്. ആദ്യ കളിയിൽ പാകിസ്ഥാനോടും തോറ്റ ഇന്ത്യ ഗ്രൂപ്പ് രണ്ടിൽ നമീബിയക്കും താഴെയാണ്. ശേഷിക്കുന്ന മൂന്ന് കളി ജയിച്ചാലും സെമി ഉറപ്പില്ല. മൂന്നിന് അഫ്ഗാനിസ്ഥാനുമായാണ് അടുത്ത മത്സരം.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ബാറ്റർമാർ തട്ടിമുട്ടി നേടിയത് 7–-110. ന്യൂസിലൻഡ് 14.3 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. ഡാരിൽ മിച്ചൽ 39 പന്തിൽ 49 റണ്ണെടുത്തു. ക്യാപ്റ്റൻ കെയ്ൻ വില്യംസൺ 33 -റണ്ണുമായി പുറത്താകാതെ നിന്നു.
സ്പിന്നിനും പേസിനും മുന്നിൽ ഒരുപോലെ ഉത്തരംമുട്ടിയപ്പോൾ ഇന്ത്യൻ ബാറ്റിങ് നിര ദുബായ് പിച്ചിൽ നിശബ്ദരായി. ഐപിഎല്ലിലും സന്നാഹ മത്സരങ്ങളിലും റണ്ണടിച്ചുകൂട്ടിയവർക്ക് ലോകകപ്പിൽ താളംകിട്ടിയില്ല. ഏഴ് ഓവർമുതൽ 16 വരെയുള്ള ഓവറുകളിൽ ഒരു ബൗണ്ടറിപോലും ഇന്ത്യക്ക് നേടാനായില്ല. 5.1 ഓവറിൽ ഒരു ബൗണ്ടറി നേടിയശേഷം 17–-ാം ഓവർവരെ കാത്തിരിക്കേണ്ടിവന്നു. ആകെ രണ്ട് സിക്സറും എട്ട് ഫോറുമായിരുന്നു ഇന്ത്യൻ ഇന്നിങ്സിൽ.
പതിവുപോലെ നാണയഭാഗ്യം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ തുണച്ചില്ല. മുൻനിര ബാറ്റർമാർ നിറംകെട്ടപ്പോൾ രവീന്ദ്ര ജഡേജയും (19 പന്തിൽ 26) ഹാർദിക് പാണ്ഡ്യയും (24 പന്തിൽ 23) ചേർന്നാണ് ഇന്ത്യയെ 100 കടത്തിയത്. നാലോവറിൽ 20 റൺ മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത കിവി പേസർ ട്രെന്റ് ബോൾട്ട് മിന്നി. ഇന്ത്യൻ വംശജനായ സ്പിന്നർ ഇഷ് സോധി രണ്ട് വിക്കറ്റെടുത്തു.
സൂര്യകുമാർ യാദവിന് പകരമെത്തിയ ഇഷാൻ കിഷൻ ലോകേഷ് രാഹുലിനൊപ്പം ഓപ്പണറായെത്തി. രോഹിത് ശർമയായിരുന്നു മൂന്നാമൻ.
ഇന്ത്യൻ ബാറ്റർമാർ ഭയപ്പെട്ടതുപോലെ തന്നെയായിരുന്നു കാര്യങ്ങൾ. ആദ്യ ഓവറിന്റെ നാലാംപന്തിൽ ട്രെന്റ് ബോൾട്ട് മുന്നറിയിപ്പ് നൽകി. കിഷന്റെ കാലിൽ പന്ത് തട്ടിയെങ്കിലും അമ്പയർ ഔട്ട് വിധിച്ചില്ല.
കിഷന് ഏറെ മുന്നേറാനായില്ല. മൂന്നാം ഓവറിൽ ബോൾട്ടിനുതന്നെ ഇരയായി. സിക്സറിനുള്ള ശ്രമത്തിനിടെ വരയ്ക്കരികെ ഡാരിൽ മിച്ചെലിന് ക്യാച്ച്. എട്ട് പന്തിൽ നാലു റണ്ണായിരുന്നു കിഷന്റെ സമ്പാദ്യം. തൊട്ടടുത്ത പന്തിൽ രോഹിത് ശർമയുടെ അനായാസ ക്യാച്ച് മിൽനെ പാഴാക്കി. മിൽനെയെ അടുത്ത ഓവറിൽ സിക്സർ പായിച്ച് രോഹിത് കളംപിടിക്കുമെന്ന് തോന്നിച്ചെങ്കിലും കാര്യമുണ്ടായില്ല. ഇഷ് സോധിയുടെ നിരുപദ്രവകരമായ പന്തിൽ മാർട്ടിൻ ഗുപ്റ്റിലിന് പിടികൊടുത്ത രോഹിത് (14 പന്തിൽ 14) നിരാശപ്പെടുത്തി. തൊട്ടുമുമ്പ് രാഹുലും (16 പന്തിൽ 18) അനാവശ്യ ഷോട്ടിന് ശ്രമിച്ച് പുറത്തായി. മൂവരും മടങ്ങുമ്പോൾ സ്കോർ 7.4 ഓവറിൽ 3–-40 എന്ന നിലയിലായിരുന്നു ഇന്ത്യ.
പാകിസ്ഥാനെതിരെ ബാറ്റിങ് നിരയെ കാത്ത ക്യാപ്റ്റൻ കോഹ്ലിക്കായിരുന്നു അടുത്ത ഊഴം. താളം കണ്ടെത്താനാകാതെ ഉഴറുന്ന കോഹ്ലിയെയാണ് കണ്ടത്. 17 പന്തിൽ ഒമ്പതു റണ്ണുമായി വിയർത്തൊലിച്ച കോഹ്ലി സോധിയുടെ പന്തിൽ പുറത്തായി. സ്കോർ ആ ഘട്ടത്തിൽ 10.1 ഓവറിൽ 4–-48
ഇന്ത്യൻ ബാറ്റിങ് തകർച്ചയുടെ നേർച്ചിത്രമായിരുന്നു വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്റെ (19 പന്തിൽ 12) പുറത്താകൽ. സ്പിന്നർമാർക്കുമുന്നിൽപ്പോലും പതറി. ഒടുവിൽ പേസർ മിൽനെയുടെ പന്ത് ഇന്ത്യൻ വിക്കറ്റ് കീപ്പറുടെ മിഡിൽ സ്റ്റമ്പ് തെറിപ്പിച്ചു. പാണ്ഡ്യയും ജഡേജയും ചേർന്നുള്ള സഖ്യം 22 പന്തിൽ 24 റണ്ണെടുത്തു.
സ്കോർ
ഇന്ത്യ
രാഹുൽ സി മിച്ചൽ ബി സൗത്തി 18, ഇഷാൻ കിഷൻ സി മിച്ചൽ ബി ബോൾട്ട് 4, രോഹിത് സി ഗുപ്റ്റിൽ ബി സോധി 14, കോഹ്ലി സി ബോൾട്ട് ബി സോധി 9, പന്ത് ബി മിൽനെ 12, ഹർദിക് സി ഗുപ്റ്റിൽ ബി ബോൾട്ട് 23, ജഡേജ 26* ശർദുൾ സി ഗുപ്റ്റിൽ ബി ബോൾട്ട് 0, ഷമി 0*. എക്സ്ട്രാസ് 4 ആകെ 7–-110.
ബൗളിങ്: ബോൾട്ട് 4–-0–20–-3, സൗത്തി 4–-0–-26–-1, സാന്റനെർ 4–-0–-15–-0, മിൽനെ 4–-0–-30–-1, സോധി 4–-0–17–-2.
ന്യൂസിലൻഡ്
ഗുപ്റ്റിൽ സി താക്കൂർ ബി ബുമ്ര 20, ഡാരിൽ മിച്ചൽ സി രാഹുൽ ബി ബുമ്ര 49, വില്യംസൺ 33*, കൊൺവേ 2*
എക്സ്ട്രാസ് 7 ആകെ 2–111 (14.3).
ബൗളിങ്ങ്: വരുൺ 4–-0–-23–-0, ബുമ്ര 4–-0–-19–-2, ജഡേജ 2–-0–-23–-0, ഷമി 1–-0–-11–-0, ശാർദുൾ 1.3–-0–-17–-0, പാണ്ഡ്യ 2–-0–-17–-0.