തിരുവനന്തപുരം: പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ മിന്നൽ പരിശോധന. അലംഭാവം കാട്ടിയ ഉദ്യോഗസ്ഥനെതിരെ കർശന നടപടിക്ക് നിർദ്ദേശം നൽകി. നവംബർ ഒന്നിന് പൊതുമരാമത്ത് റസ്റ്റ് ഹൗസുകളിൽ പൂർണ്ണമായി ഓൺലൈൻ റിസർവ്വേഷൻ ആരംഭിക്കുന്നതിന് മുന്നോടിയായാണ് തിരുവനന്തപുരം റസ്റ്റ് ഹൗസിൽ പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ മിന്നൽ സന്ദർശനം.
ജനങ്ങൾക്ക് താമസിക്കാൻ കഴിയുന്ന തരത്തിൽ റസ്റ്റ് ഹൗസുകളെ സജ്ജമാക്കണമെന്ന നിർദേശം നടപ്പിലായോ എന്ന് പരിശോധിക്കാനാണ് മന്ത്രി തലസ്ഥാനത്തെ റസ്റ്റ് ഹൗസിൽ പരിശോധനക്ക് എത്തിയത്. റസ്റ്റ് ഹൗസുകളുടേയും റൂമുകളുടേയും പരിസരങ്ങളുടേയും വൃത്തി, അടുക്കള സൗകര്യം എന്നിവ വിശദമായി മന്ത്രി നോക്കികണ്ടു. റസ്റ്റ് ഹൗസിലെ സാഹചര്യത്തിൽ മന്ത്രി കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. സർക്കാർ നിർദേശം പ്രാവർത്തികമാക്കാത്ത ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കാൻ മന്ത്രി സന്ദർശന സ്ഥലത്തു വച്ചു തന്നെ ബിൽഡിംഗ് ചീഫ് എഞ്ചിനിയർക്ക് നിർദേശം നൽകുകയും ചെയ്തു.
പി ഡബ്ല്യു ഡി റസ്റ്റ് ഹൗസുകളിൽ നാളെ മുതൽ ഓൺലൈൻ ബുക്കിംഗ് ആരംഭിക്കാൻ പോവുകയാണ്. അതിനു മുന്നോടിയായി ശുചിത്വം ഉറപ്പു വരുത്താൻ നേരത്തെ തന്നെ പ്രത്യേക നിർദേശം നൽകിയിരുന്നു. എന്നാൽ ഇവിടെ ഇതൊന്നും ബാധകമല്ല എന്ന രീതിയിലാണ് കാര്യങ്ങൾ പോകുന്നത്. ഒരു തരത്തിലും അംഗീകരിക്കാൻ കഴിയുന്നതല്ല ഇവിടുത്തെ കാര്യങ്ങൾ. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥനെതിരെ, സി ഇ ( ചീഫ് എഞ്ചിനിയർ ) നടപടി സ്വീകരിക്കും. ഇങ്ങനെ ഒക്കെ പോയാൽ മതി എന്ന് ആരെങ്കിലും കരുതിയാൽ, ഇങ്ങനെ ഒന്നും അല്ല പോകാൻ പോകുന്നത്, അത് ഏത് ഉദ്യോഗസ്ഥനായാലും. തെറ്റായ രീതിയിൽ ചിന്തിക്കുന്നവർ അങ്ങനെ കരുതി സർക്കാർ എടുത്ത ഒരു നിലപാടിന് വിരുദ്ധമായ സമീപനം കൈക്കൊണ്ടാൽ അതിനെ പ്രോത്സാഹിപ്പിക്കില്ലെന്ന് മാത്രമല്ല അതിനെ വച്ചു പൊറുപ്പിക്കുകയും ഇല്ലെന്ന് പരിശോധനയ്ക്ക് ശേഷം മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.