കോഴിക്കോട്> കേരള രാഷ്ട്രീയത്തില്‍ ബിജെപിയുടെ പ്രസക്തി നഷ്ടപ്പെട്ടെന്ന തോന്നലുണ്ടെന്ന് മുതിര്‍ന്ന ബിജെപി നേതാവ് പി പി മുകുന്ദന്. തോല്‍വികളും ആരോപണങ്ങളും ഉയര്‍ന്നതോടെ പ്രസക്തിയെക്കുറിച്ചുള്ള തോന്നലുണ്ടായി. ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ കെ സുരേന്ദ്രന് ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറി നില്‍ക്കണമായിരുന്നു.പിന്നീട് തിരിച്ചുവരാമായിരുന്നു.
ബിജെപിയില്‍ പുന:സംഘടനയല്ല, പുന:ക്രമീകരണമാണാവശ്യം. പഴയ നേതാക്കളെ കൂട്ടിചേര്‍ക്കുന്ന കണ്ണിയാകണം. അതിന്നില്ലെന്നും മുകുന്ദന് പറഞ്ഞു. ഓണ്‍ലൈന്‍ അഭിമുഖത്തിലാണ് ബിജെപി നേതൃത്വത്തിനെതിരായ മുകുന്ദന്റെ വിമര്‍ശം.
35 സീറ്റ് കിട്ടിയാല്‍ ഭരിക്കുമെന്നും ഇ ശ്രീധരനെ മുഖ്യമന്ത്രിയാക്കുമെന്നും പറഞ്ഞാല്‍ ഏത് പ്രവര്ത്തകന് വിശ്വസിക്കാനാണ്. വളരെയധികംപേര്‍ നിരാശരായി പ്രസ്ഥാനത്തെ ഉപേക്ഷിക്കുന്നു.ഇതില്‍ ഉന്നത–കേന്ദ്ര നേതൃത്വങ്ങള്‍ക്ക് പങ്കുണ്ട്. ഇന്നലെ വന്ന അല്‍ഫോന്‍സ് കണ്ണന്താനം, ടോം വടക്കന്‍ , എ പി അബ്ദുള്ളക്കുട്ടി എന്നിവര്‍ക്ക് പാര്‍ടിയില്‍ പദവികള്‍ നല്‍കിയതിനെയും മകുന്ദന് വിമര്‍ശിച്ചു.
കുഴല്‍പ്പണക്കേസ് പ്രതിയോഗികള്‍ക്ക് ആയുധമായി. എന്താണ് സത്യമെന്നത് സംശയത്തില്‍ നില്‍ക്കുകയാണ്. പ്രധാന പ്രതി ധര്മ്മരാജന് തന്നെ നാലുതവണ മാറ്റിപ്പറഞ്ഞു. 1991–ലെ തെരഞ്ഞെടുപ്പില്‍ യുഡിഎഫുമായി ബിജെപി സഖ്യമുണ്ടാക്കിയിരുന്നു. കോലീബി സഖ്യത്തിന്റെ ധാരണ ഉണ്ടാക്കിയത് തൃശൂരില്‍ യോഗം ചേര്‍ന്നാണ്. യുഡിഎഫ് നേതാക്കളും അതില്‍ പങ്കെടുത്തു. ഇടതുപക്ഷം അധികാരത്തില്‍ വരാതിരിക്കാന്‍ ബിജെപി ദേശീയ നേതൃത്വത്തിന്റെ അറിവോടെയായിരുന്നു സഖ്യം. ഇതനുസരിച്ച് കെ ജി മാരാരേയും കെ രാമന്‍പിള്ളയേയും ജയിപ്പിക്കുമെന്നായിരുന്നു ധാരണ.
ചെറിയ വോട്ടിനാണ് തോറ്റത്–കോലീബി സഖ്യത്തിന്റെ സൂത്രധാരനായ മുകുന്ദന് പറഞ്ഞു. ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് തന്നെ മാറ്റിയത് എന്തിനെന്നത് ഉത്തരം കിട്ടാത്ത ചോദ്യമാണെന്നും മുകുന്ദന് പറഞ്ഞു.