ഇടുക്കി: മുല്ലപ്പെരിയാറിൽ നിന്ന് കൂടുതൽ വെള്ളം പൂറത്തേക്ക് ഒഴുക്കിവിടുന്നു. അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ കൂടി ഉയർത്തി. 1299 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ഇതോടെ ആകെ 2974 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിട്ടു കൊണ്ടിരിക്കുന്നത്. 50 സെന്റീമീറ്റർ വീതമാണ് ഷട്ടറുകൾ ഉയർത്തിയിരിക്കുന്നത്.
ആറ് സ്പിൽവേ ഷട്ടറുകൾ ഉയർത്തിയാണ് ഇപ്പോൾ മുല്ലപ്പെരിയാറിൽ നിന്ന് വെള്ളം പുറത്തേക്ക് വിടുന്നത്. 1, 5, 6 എന്നീ ഷട്ടറുകളാണ് ഇപ്പോൾ തുറന്നത്. നേരത്തെ സ്പിഷവേ ഷട്ടറുകൾ തുറന്ന് വെള്ളം പുറത്തേക്ക് വിട്ടിരുന്നുവെങ്കിലും അണക്കെട്ടിൽ നിന്ന് വെള്ളം കുറഞ്ഞിരുന്നില്ല. ഇതിന്റെ സാഹചര്യത്തലാണ് കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കി വിട്ടത്. 138.95 അടിയാണ് ഇപ്പോഴും അണക്കെട്ടിലെ ജലനിരപ്പ്. ജലനിരപ്പ് നിയന്ത്രിച്ച് നിർത്തുന്നതിന് വേണ്ടിയാണ് കൂടുതൽ സ്പിൽവേ ഷട്ടറുകൾ തുറന്നിരിക്കുന്നത്.
അണക്കെട്ടിലെ ജലനിരപ്പ് റൂൾ കർവ് കവിഞ്ഞതിനെ തുടർന്ന് വ്യാഴാഴ്ചയാണ് രണ്ട് ഷട്ടറുകൾ ഉയർത്തി 534 ഘനയടി വെള്ളം പുറത്തുവിട്ടു തുടങ്ങിയത്. വെള്ളിയാഴ്ച രാത്രി ഒരു ഷട്ടർ കൂടി ഉയർത്തി പുറന്തള്ളുന്ന വെള്ളത്തിന്റെ അളവ് 834 ഘനയടിയും ഇന്ന് രാവിലെ അളവ് വീണ്ടുമുയർത്തി 11ന് 1651 ഘനയടിയും ആക്കിയിരുന്നു.