വൈദ്യപരിശോധനയ്ക്കായി തന്നെ കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ അപമര്യാദയായി പെരുമാറിയെന്നാണ് പെൺകുട്ടിയുടെ പരാതി. സംഭവത്തിൽ പെൺകുട്ടിയുടെ മൊഴി പൂഴ്ത്തിവെച്ചെന്നും പോലീസ് ഇതുവരെ എഫ്ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്യാൻ തയ്യാറായിട്ടില്ലെന്നുണ് മീഡിയവൺ റിപ്പോര്‍ട്ട്. ആശുപത്രിയിലെ മൂന്ന് വനിതാഡോക്ടര്‍മാരാണ് പെൺകുട്ടിയെ പൂട്ടിയിട്ടതെന്നാണ് ആരോപണം.
Also Read:
മോൻസൺ മാവുങ്കൽ തനിക്ക് തുടര്‍വിദ്യാഭ്യാസം വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ പരാതി. മോൻസൻ്റെ കലൂലിലെ വീട്ടിലെ തിരുമ്മൽ കേന്ദ്രത്തിലും വാടക വീട്ടിലും വെച്ച് പീഡിപ്പിച്ചതായാണ് പരാതി. സംഭവം നടക്കുമ്പോള്‍ തനിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്നും പരാതിക്കാരി വ്യക്തമാക്കി. എന്നാൽ പീഡനക്കേസിലെ അന്വേഷണത്തിൻ്റെ ഭാഗമായി പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്കായി എത്തിച്ചപ്പോള്‍ മെഡിക്കൽ കോളേജിലെ ഡോക്ടര്‍മാര്‍ അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം. തന്നെ മുറിയിൽ പൂട്ടിയിട്ടെന്നും അവിടെ നിന്നു താൻ ഓടി രക്ഷപെടുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
Also Read:
കളമശേരി മെഡിക്കൽ കോളേജിലെ ലേബര്‍ റൂമിൽ വെച്ചാണ് സംഭവം നടന്നതെന്നാണ് ആരോപണം. ആദ്യം പെൺകുട്ടിയെ ആലുവ ജില്ലാ ആശുപത്രിയിലാണ് എത്തിച്ചതെങ്കിലും ഇവിടെ പരിശോധന നടക്കാത്തതിനാൽ കളമശേരി മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നുവെന്നാണ് മനോരമ റിപ്പോര്‍ട്ട്. കൊവിഡ് പരിശോധനാഫലം ലഭിക്കാനായി ഏറെ സമയം കാത്തുനിന്നു. ഇതിനു ശേഷം ലേബര്‍ റൂമിൽ പരിശോധനയ്ക്കായി പ്രവേശിപ്പിച്ചു. കേസിനെപ്പറ്റി ഡോക്ടര്‍ വിശദമായി ചോദിക്കുകയും ആക്ഷേപിക്കുകയുംച ചെയ്തതായി റിപ്പോര്‍ട്ടിൽ പറയുന്നു. ഇതിനിടെ കൂടുതൽ ഡോക്ടര്‍മാര്‍ മുറിയിലേയ്ക്ക് എത്തി. മോൻസൻ്റെ മകൻ ഈ ആശുപത്രിയിൽ പ്രാക്ടീസ് ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
മുറിയിൽ നിന്ന് ഓടി പുറത്തിറങ്ങിയ ശേഷം ഒപ്പമുണ്ടായിരുന്ന ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരോട് സംഭവം വിവരിച്ചെന്നും തുടര്‍ന്ന് ഇവിടെ നിന്നു പോകുകയായിരുന്നുവെന്നും പെൺകുട്ടി വ്യക്തമാക്കി. എന്നാൽ കളമശേരി മെഡിക്കൽ കോളജിൽ ഇങ്ങനെ സംഭവിച്ചിട്ടില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പെൺകുട്ടി പറയുന്നത് നുണയാണെന്നും ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാമെന്നും മെഡിക്കൽ കോളേജ് അധികൃതര്‍ പറയുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തുന്ന കാര്യം പരിഗണിക്കുമെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്.
ഇതിനിടയിൽ മറ്റൊരു സ്ത്രീ കൂടി മോൻസൺ മാവുങ്കലിനെതിരെ പീഡന പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. മോൻസൻ്റെ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന എറണാകുളം സ്വദേശിനിയാണ് പരാതിയുമായി രംഗത്തെത്തിയിട്ടുള്ളത്. ഈ കേസിലും ക്രൈം ബ്രാഞ്ച് യുവതിയുടെ മൊഴി രേഖപ്പെടുത്തും.