തിരുവനന്തപുരം: 23ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയാകുമ്പോൾ വനിതാ ബ്രാഞ്ച് സെക്രട്ടറിമാരുടെ എണ്ണത്തിൽ വൻ വർധനവ്. ആകെയുള്ള 35,179 ബ്രാഞ്ച് കമ്മിറ്റികളിൽ 1951 ഇടങ്ങളിൽ വനിതകളെയാണ് ബ്രാഞ്ച് സെക്രട്ടറിമാരായി സമ്മേളനങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത്. മുൻകാലങ്ങളെ അപേക്ഷിച്ച് ഇത് വളരെ കൂടുതലാണ്.
35,179 ബ്രാഞ്ചുകളിലായി 1,04,093 പേരാണ് പാർട്ടി അംഗത്വമുള്ള വനിതകളുടെ എണ്ണം. കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് കീഴിലാണ് ഏറ്റവും അധികം വനിതാ ബ്രാഞ്ച് സെക്രട്ടറിമാരുള്ളത്. കഴിഞ്ഞ സമ്മേളനക്കാലയളവിൽ 111 വനിതാ ബ്രാഞ്ച് സെക്രട്ടറിമാരുണ്ടായിരുന്നത് 345 ആയി ഉയർന്നു. ഫറോക്ക് ഏരിയാ കമ്മിറ്റിക്ക് കീഴിൽ മാത്രം 47 വനിതകളാണ് ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് എത്തിയിരിക്കുന്നത്.
22-ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി നാലുവർഷം മുമ്പുനടന്ന സമ്മേളനത്തിൽ പല ജില്ലകളിലും വളരെക്കുറഞ്ഞ വനിതകളാണ് ബ്രാഞ്ച് സെക്രട്ടറിമാരായത്. കൊല്ലം ജില്ലയിലെ വിളക്കുവട്ടം ബ്രാഞ്ച് സെക്രട്ടറിയായ പത്തൊമ്പതുകാരി എസ്. ശുഭലക്ഷ്മിയാണ് സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ ബ്രാഞ്ച് സെക്രട്ടറി. പാർട്ടി ലോക്കൽ സമ്മേളനങ്ങൾ പുരോഗമിക്കുമ്പോൾ നിരവധി ലോക്കൽ കമ്മിറ്റി സെക്രട്ടറി സ്ഥാനത്തേക്കും കൂടുതൽ അവസരം സ്ത്രീകൾക്ക് നൽകുന്നു.
പാർലമെന്ററി മേഖലയ്ക്ക് ഒപ്പം സംഘടനാ പ്രവർത്തനത്തിലേക്കും കൂടുതൽ സ്ത്രീകളെ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പാർട്ടി കൂടുതൽ അവസരങ്ങൾ നൽകുന്നത്. തിരുവനന്തപുരം 150, കൊല്ലം 204, പത്തനംതിട്ട 122, ആലപ്പുഴ 186, കോട്ടയം 60, ഇടുക്കി 100, എറണാകുളം 109, തൃശ്ശൂർ 137, പാലക്കാട് 141, മലപ്പുറം 72, കോഴിക്കോട് 345, വയനാട് 44, കണ്ണൂർ 158, കാസർകോട് 123 എന്നിങ്ങനെയാണ് വനിതാ ബ്രാഞ്ച് സെക്രട്ടറിമാരുടെ ജില്ല തിരിച്ചുള്ള എണ്ണം.
Content Highlights: cpm appoints more women as branch secretaries