കോഴിക്കോട്: ടൂ ജി സ്പെക്ട്രം വിവാദത്തിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനോട് മുൻ സിഎജി വിനോദ് റായ് മാപ്പ് പറയണമെന്ന് എൻ.സി.പി സംസ്ഥാന അധ്യക്ഷൻ പി.സി ചാക്കോ. ടൂ ജി വിവാദത്തിൽ മൻമോഹൻ സിങ്ങിന്റെ പേരൊഴിവക്കാൻ കോൺഗ്രസ് എം.പി സഞ്ജയ് നിരുപം തന്നെ സ്വാധീനിച്ചുവെന്നാണ് വിനോദ് റായ് പറഞ്ഞിരുന്നത്. ഈ വിഷയത്തിൽ ബോംബെ ഹൈക്കോടതിയിൽ അദ്ദേഹം മാപ്പ് പറഞ്ഞിരുന്നു. എന്നാൽ കോടതിയിൽ മാപ്പ് പറഞ്ഞിട്ട് കാര്യമില്ലെന്നും മൻമോഹൻ സിങ്ങിനോട് മാപ്പ് പറയുകയാണ് ചെയ്യേണ്ടതെന്ന് ചാക്കോ പറഞ്ഞു. ടൂ ജി കേസ് അന്വേഷിച്ച സംയുക്ത പാർലമെന്ററി സമിതി അധ്യക്ഷനായിരുന്നു ചാക്കോ.
തന്റെമേൽ സമ്മർദ്ദം ചെലുത്തിയ പാർലമെന്റ് അംഗങ്ങളിൽ ഒരാളാണ് നിരുപം എന്ന് 2014ൽ റായ് അവകാശപ്പെട്ടിരുന്നു. ഈ വിഷയത്തിൽ സഞ്ജയ് നിരുപം സമർപ്പിച്ച മാനനഷ്ട കേസിലാണ് റായ് മാപ്പ് പറഞ്ഞത്. 2ജി സ്പെക്ട്രം കേസിൽ സംസ്ഥാന ഓഡിറ്ററുടെ റിപ്പോർട്ടിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംങിന്റെ പേര് ഉൾപ്പെടുത്താതിരിക്കാൻ കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപം ഉൾപ്പടെയുള്ളവർ സമ്മർദ്ദം ചെലുത്തി എന്ന വിനോദ് റായിയുടെ വെളിപ്പെടുത്തലിനെതിരെയാണ് അദ്ദേഹം മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.
മൻമോഹൻ സിങ്ങിനെ പോലെ അഴിമതിയുമായി ഒരു തരത്തിലും സമരസപ്പെടാത്ത ഒരു പ്രധാനമന്ത്രിയ അപമാനിക്കുന്ന പ്രസ്താവനയാണ് വിനോദ് റായ് അന്ന് നടത്തിയത്. അപ്പോൾ കോടതിയിൽ മാപ്പ് പറഞ്ഞിട്ട് കാര്യമില്ലെന്നും മൻമോഹൻ സിങ്ങിനോട് നേരിട്ടാണ് മാപ്പ് പറയേണ്ടതെന്നും ചാക്കോ ആവശ്യപ്പെട്ടു. ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും ക്ലീൻ വ്യക്തിത്വത്തിന് ഉടമയാണ് മൻമോഹൻ സിങ്ങെന്നും ചാക്കോ പറഞ്ഞു. ഇല്ലാത്ത ഒരു സംഭവം ഊതിപ്പെരുപ്പിച്ച സംഭവമായിരുന്നു ഇതെന്നും ചാക്കോ പറഞ്ഞു. ടെലിഫോൺ കോളുകൾ ഇത്രയും നിരക്ക് കുറച്ച് നൽകാൻ കഴിഞ്ഞത് പോലും സ്പെക്ട്രം വില കുറച്ച് നൽകിയതിനാലാണ്. അതിന്റെ നല്ല വശങ്ങൾ കാണാതെയാണ് അന്ന് റിപ്പോർട്ട് തയ്യാറാക്കിയതെന്നും ചാക്കോ പറയുന്നു.
Content Highlights: Vinodh rai should apologize to manmohan singh says PC Chacko