കോഴിക്കോട്: ആര്യാ രാജീവിന് ഒരൊറ്റ സ്വപ്നമേ ഉണ്ടായിരുന്നുള്ളൂ, ആസ്ട്രോബയോളജി പഠിക്കണം, ശാസ്ത്രജ്ഞയാവണം. സെറിബ്രൽ പാൾസി മൂലമുള്ള ശാരീരിക പരിമിതികൾ ഇച്ഛാശക്തിക്കു മുന്നിൽ തോറ്റപ്പോൾ ആഗ്രഹത്തിലേക്കുള്ള പടി കയറുകയാണ് ആര്യ. തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ചിൽ (ഐസർ) ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനം നേടി ആര്യ. ഐസറിൽ പഠിക്കണമെന്നും അതിന് സർക്കാർ സഹായിക്കണമെന്നും ആര്യയും അച്ഛൻ രാജീവും മാതൃഭൂമി ഡോട് കോമിലൂടെ ആവശ്യപ്പെട്ടിരുന്നു.
ഐസറിലെ അഞ്ചുവർഷത്തെ പഠനത്തിന് ശേഷം വിദേശത്തുപോയി ഗവേഷണം നടത്തണം. നാസയിലോ മറ്റോ ഗവേഷണം നടത്താൻ പറ്റിയാൽ സന്തോഷം -അത്താണിക്കലിലെ വീട്ടിലിരുന്ന് പറയുമ്പോൾ ആര്യയുടെ സ്വപ്നത്തിന് അതിരുകളില്ല. എസ്.എസ്.എൽ.സി.ക്കും പ്ലസ്ടുവിനുമെല്ലാം മുഴുവൻ എ പ്ലസും നേടി വിജയിച്ച ആര്യയ്ക്ക് ഐസറിൽ പ്രവേശനം ലഭിക്കാൻ കടമ്പകൾ ഏറെയുണ്ടായിരുന്നു.
പ്രവേശന പരീക്ഷയ്ക്ക് അധികസമയം വേണമെന്നും സ്ക്രൈബിനെ വെക്കാൻ അനുവദിക്കണമെന്നുമായിരുന്നു ആര്യയുടെ ആവശ്യം. ഇത്തരത്തിലുള്ള സൗകര്യം നേരത്തേ ഉണ്ടായിരുന്നില്ല. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി വഴിയാണ് ഐസർ മേധാവികളെ കക്ഷിചേർത്ത് ഹർജി നൽകിയത്. ഒടുവിൽ ഓരോ മണിക്കൂറിനും 30 മിനിറ്റ് അധികസമയം ലഭിച്ചു. തുല്യയോഗ്യതയുള്ള സ്ക്രൈബിനെ വെക്കാനും അനുമതി കിട്ടി. ഭിന്നശേഷി വിഭാഗത്തിൽ ദേശീയതലത്തിൽ അഞ്ചാം റാങ്കോടെയാണ് പ്രവേശനം ലഭിച്ചത്.
സ്വന്തം ആവശ്യങ്ങൾക്കും നടക്കാനുമെല്ലാം ആര്യയ്ക്ക് സഹായം വേണം. ശാസ്ത്രപഠനം തുടങ്ങുമ്പോൾ സ്വയംപര്യാപ്തയായി മുന്നോട്ടുപോകാൻ പറ്റണമെന്നാണ് ആഗ്രഹം. അതിനായി ഫിസിയോതെറാപ്പിയും ഒക്യുപ്പേഷണൽ തെറാപ്പിയും ചെയ്യണം. തൃശ്ശൂർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനിൽ പോയെങ്കിലും ചികിത്സ സാധ്യമായില്ല. ഇനി നിംഹാൻസിലോ വെല്ലൂരിലോ ചികിത്സ തേടണം.
പഠനകാലത്തുതന്നെ ഒട്ടേറെ നേട്ടങ്ങൾ സ്വന്തമാക്കിയ ആര്യയ്ക്ക് ഐസർ പ്രവേശനത്തിന് സഹായമേകിയത് ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി എം.പി. ഷൈജൽ, സി.ആർ.സി. ഡയറക്ടർ ഡോ. റോഷൻ ബിജിലി, ഐ.എസ്.ആർ.ഒ.യിലുണ്ടായിരുന്ന ഇ.കെ. കുട്ടി, അധ്യാപകനായ ഷജിൽ തുടങ്ങിയവരാണ്. യു.എൽ.സി.സി.എസിന്റെ പ്രോത്സാഹനവും ലഭിച്ചു .
പഠനത്തോടൊപ്പം ചികിത്സയും മുന്നോട്ടുകൊണ്ടുപോകാൻ പറ്റണമെന്നാണ് ആര്യയുടെയും മാതാപിതാക്കളായ വീട്ടിൽ തൊടിയിൽ കെ. രാജീവിന്റെയും എം.കെ. പുഷ്പജയുടെയും ആഗ്രഹം. ഐസർ കാമ്പസിൽ ആര്യയുടെ സഹായത്തിന് ആരെയെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിലാണിവർ.