കുമളി > മുല്ലപ്പെരിയാറിൽനിന്ന് സ്പിൽവേ ഉയർത്തി ഇടുക്കിയിലേക്ക് വെള്ളം ഒഴുക്കിയത് ചരിത്രദിനത്തിൽ. മുല്ലപ്പെരിയാർ അണക്കെട്ടിനെ സംബന്ധിച്ച് ഒക്ടോബർ 29 സുപ്രധാനമാണ്. പെരിയാർ നദിക്ക് കുറുകെ അണക്കെട്ട് നിർമിച്ച് തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്നതിനായുള്ള പെരിയാർ പാട്ടക്കരാർ ഒപ്പുവച്ചത് 1886 ഒക്ടോബർ 29ന് ആയിരുന്നു.
തിരുവിതാംകൂറിനു വേണ്ടി ദിവാൻ വി രാമയ്യങ്കാറും മദ്രാസ് പ്രസിഡൻസിക്ക് വേണ്ടി സ്റ്റേറ്റ് സെക്രട്ടറി ജോൺ ചൈൽഡ് ഹാനിങ്ഡണുമാണ് കരാറിൽ ഒപ്പുവച്ചത്. പെരിയാർ നദി മുല്ലയാറുമായി സംഗമിച്ചശേഷം പത്ത് കിലോമീറ്റർ താഴെയാണ് അണക്കെട്ട് നിർമിച്ചത്. 155 അടി ഉയരത്തിൽ നിർമിച്ച അണക്കെട്ടിലെ വെള്ളം സംഭരിക്കുന്നതിനായി എണ്ണായിരം ഏക്കർ വനഭൂമിയും പാട്ടത്തിന് നൽകി. ഇതിനുപുറമെ അണക്കെട്ട് നിർമിക്കുന്നതിന് 100 ഏക്കറും നൽകി.
നിലവിലുള്ള പാട്ടത്തുക 10 ലക്ഷത്തോളമാണ്. ഇത് പ്രതിവർഷം തമിഴ്നാട് കേരളത്തിന് നൽകുന്നു. 1887 സെപ്തംബറിലാണ് ഡാം നിർമാണം ആരംഭിച്ചത്. 1895ൽ അണക്കെട്ട് തുറന്നുകൊടുത്തു. അണക്കെട്ട് നിർമാണത്തോടെയാണ് മരൂഭൂവിന് സമാനമായ തെക്കൻ തമിഴ്നാട് കാർഷികയോഗ്യമായത്. ഇന്ന് തേനി, മധുര, ദിണ്ഡിഗൽ, രാമനാഥപുരം, ശിവഗംഗ തുടങ്ങിയ ജില്ലകളിലെ ലക്ഷക്കണക്കിന് ഏക്കറിൽ കൃഷിക്കും മനുഷ്യർക്ക് ശുദ്ധജലത്തിനുമായി ആശ്രയിക്കുന്നത് മുല്ലപ്പെരിയാർ വെള്ളമാണ്. ഇത് കൂടാതെ ലോവർക്യാമ്പിൽ അടക്കം നിരവധി വൈദ്യുത പദ്ധതികളും പ്രവർത്തിക്കുന്നു.