കൊച്ചി: കാലിക്കറ്റ് സർവകലാശാലാ പരീക്ഷമൂല്യ നിർണയത്തിനായി എത്തിച്ച ഉത്തരക്കടലാസുകളിൽ ഗുരുതരമായ വീഴ്ചയെന്ന്ആരോപണം. ഉത്തരക്കടലാസുകൾക്ക് ഫാൾസ്നമ്പർ കൊടുക്കാതെ വിതരണം ചെയ്തതായുംറദ്ദാക്കിയ പരീക്ഷയുടെ ഉത്തരക്കടലാസുകൾ മൂല്യനിർണയത്തിനായി എത്തിച്ചെന്നുമാണ് ആരോപണം. തൃശൂർ നാട്ടിക എസ്.എൻ കോളേജ് മൂല്യനിർണയ ക്യാമ്പിലാണ് ഇത്തരത്തിൽ ഗുരുതര വീഴ്ച സംഭവിച്ചതായി ആരോപണം ഉയരുന്നത്.
2021ജനുവരി 25-ന് ബി.കോം, ബി.ബി.എ വിദ്യാർഥികളുടെ മലയാളം പരീക്ഷ നടന്നിരുന്നു. ഇതിൽ 90 ശതമാനവും സിലബസിന് പുറത്ത് നിന്നുള്ള ചോദ്യങ്ങളാണ് വന്നത്. പരീക്ഷക്ക് ശേഷം കോളേജുകളിൽ നിന്നുള്ള ഉത്തരക്കടലാസുകൾ യൂണിവേഴ്സിറ്റിയിലേക്ക് എത്തിക്കുകയും ചെയ്തിരുന്നു. എന്നാൽ സിലബസിന് പുറത്തുനിന്നുള്ള ചോദ്യങ്ങളായിരുന്നതിനാൽ പിന്നീട് ഈ പരീക്ഷ റദ്ദാക്കി. ജനുവരി 25ന് നടന്ന പരീക്ഷ റദ്ദാക്കിയതിനെ തുടർന്ന് ജൂലൈ 13 ന് പുനഃപരീക്ഷ നടത്തുകയും ചെയ്തു. എന്നാൽ മൂല്യനിർണയം നടത്തുന്ന ടേബിളിലേക്ക് റദ്ദാക്കിയ പരീക്ഷയുടെ ഉത്തരക്കടലാസുകളും പുനഃപരീക്ഷയുടെ ഉത്തരക്കടലാസുകളും എത്തുകയായിരുന്നു.
മൂല്യ നിർണയം ആരംഭിച്ച അധ്യാപകർ ഒരേ രജിസ്റ്റർ നമ്പറിൽ രണ്ട് ഉത്തരക്കടലാസുകൾ കണ്ടതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് റദ്ദാക്കിയ പരീക്ഷയുടേയും പുനഃപരീക്ഷയുടേയും ഉത്തരക്കടലാസുകൾ മൂല്യനിർണയത്തിന് എത്തിയതായി വ്യക്തമാകുന്നത്. റദ്ദാക്കിയ പരീക്ഷാ പേപ്പർ ഒമ്പത് മാസമായിട്ടും വേർതിരിക്കാതെ ബണ്ടിൽ കണക്കിനാണ് മൂല്യനിർണ്ണയം നടത്തുന്നതിനായി അധ്യാപകരുടെ മുന്നിലേക്ക് എത്തിച്ചത്.
സാധാരണയായി ഉത്തരക്കടലാസുകൾ മൂല്യനിർണയത്തിനായി ഫാൾസ് നമ്പർ അടിച്ചാണ് യൂണിവേഴ്സിറ്റി പരീക്ഷാ മൂല്യനിർണ്ണയ കേന്ദ്രങ്ങളിൽ എത്തിക്കാറുള്ളത്. എന്നാൽ ഇത്തവണ ഓരോ കോളജിൽ നിന്നും അയച്ച പരീക്ഷാ പേപ്പറുകൾ അതേപടി മൂല്യനിർണയ കേന്ദ്രങ്ങളിലേക്ക് എത്തിച്ചിരിക്കുകയാണ്.ഫാൾസ് നമ്പർ അടിക്കാത്തതിനാൽ പരീക്ഷാ പേപ്പർ ഏത് കോളജിന്റെതാണെന്നും ഏത് കുട്ടിയുടെതാണെന്നും മൂല്യനിർണ്ണയം നടത്തുന്നവർക്ക് തിരിച്ചറിയാൻസാധിക്കും.
ഓരോ കോളേജിൽ നിന്നുമുള്ള ഉത്തരക്കടലാസുകൾ യൂണിവേഴ്സിറ്റി സോർട്ട് ചെയ്താണ് മൂല്യനിർണയ ക്യാമ്പിലേക്ക് അയക്കുക. ഓരോ കുട്ടികളുടേയും രജിസ്റ്റർ നമ്പർ മാറ്റി അവിടെ ഫാൾസ് നമ്പർ കൊടുക്കും. എന്നാൽ ഫാൾസ് നമ്പർ കൊടുക്കാതെ മൂല്യനിർണയത്തിന് എത്തുന്ന ഉത്തരക്കടലാസിൽ നിന്നും കോളേജ് കോഡും രജിസ്റ്റർ നമ്പറുമെല്ലാം തിരിച്ചറിയാൻ സാധിക്കും. ഇതിലൂടെ കോളേജുകളുമായി വിലപേശാനും ബന്ധുക്കളേയും പരിചയക്കാരായ വിദ്യാർഥികളേയുമെല്ലാം സഹായിക്കാനും കഴിയും. കൂടാതെ, ഫാൾസ് നമ്പർ കൊടുക്കാത്തതിനാൽഏതെങ്കിലും കുട്ടികളുടെ പേപ്പർ നഷ്ടമായിട്ടുണ്ടോ ഇല്ലയോ എന്നിങ്ങനെയുള്ളകാര്യങ്ങൾ തിരിച്ചറിയാനും സാധിക്കില്ല. ഓരോ കോളേജിൽ നിന്നും അയച്ചതിൽ എത്ര പേപ്പർ മിസിങ് ഉണ്ട് എന്നും അറിയാൻ സാധിക്കില്ല, മൂല്യനിർണയ ക്യാമ്പിൽ പങ്കെടുത്ത അധ്യാപിക പറയുന്നു.
അതേസമയം, കോവിഡിന്റെ സാഹചര്യത്തിൽ മൂല്യനിർണയം വേഗത്തിൽ നടത്തുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ ഫാൾസ് നമ്പർ ഇടാതെ പരീക്ഷയുടെ ഉത്തരക്കടലാസുകൾ മൂല്യനിർണയത്തിന് എത്തിച്ചതെന്നാണ് യൂണിവേഴ്സിറ്റി പറയുന്നത്.ഫാൾസ് നമ്പറും സോർട്ടിങ്ങുമൊക്കെ ചെയ്യുമ്പോൾ മൂല്യനിർണയം ഇനിയും താമസിക്കും. നിലവിൽ മൂന്നാം വർഷം പഠിക്കുന്ന വിദ്യാർഥികളുടെ പരീക്ഷാ മൂല്യനിർണയം ഇനിയും താമസിച്ചാൽ വിദ്യാർഥികളുടെ ഉന്നത വിദ്യാഭ്യാസത്തെ ബാധിക്കുമെന്നതിനാലാണ് യൂണിവേഴ്സ്റ്റി കോവിഡ് പശ്ചാത്തലത്തിൽ ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് യൂണിവേഴ്സിറ്റിയിൽ നിന്നും അറിയിക്കുന്നതെന്ന് മലയാളം മൂല്യനിർണയ ക്യാമ്പ് ചെയർമാൻ വി. എസ്. റെജി മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.